കോഴിക്കോട്: കെഎസ്ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് ചാര്‍ജ് ഡിജിറ്റല്‍ പേയ്മെന്റ് വഴി നല്‍കാവുന്ന രീതി ഒരുമാസത്തിനകം സംസ്ഥാനത്തെമ്പാടും നടപ്പാക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഈരീതിക്ക് നല്ല സ്വീകാര്യത ലഭിച്ചതിനാലാണ് എല്ലാ ഡിപ്പോകളിലെയും സര്‍വീസുകള്‍ക്ക് ബാധകമാക്കുന്നത്. കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത് ടിക്കറ്റെടുക്കാം. വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ചും പേമെന്റ് നടത്താം.
കെഎസ്ആര്‍ടിസിയുടെ മെയിന്‍ അക്കൗണ്ടിലേക്ക് ഈ പണം നേരിട്ടെത്തുന്ന രീതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലടക്കം കോര്‍പ്പറേഷനില്‍ മൊത്തം ഇങ്ങനെ പണമടയ്ക്കാവുന്ന രീതി മൂന്നുമാസത്തിനകം നടപ്പാകും. കോഴിക്കോട് ജില്ലയില്‍ ടിക്കറ്റ് തുക ഡിജിറ്റല്‍ പേയ്മെന്റ് വഴി നല്‍കാവുന്ന സംവിധാനം ഏപ്രില്‍ ആദ്യവാരത്തോടെ നിലവില്‍വരും. യു.പി.ഐ. അടക്കം എല്ലാതരം ഡിജിറ്റല്‍ പേമെന്റും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.
വിവിധ ആപ്പുകള്‍ ഉപയോഗിച്ച് പണമടയ്ക്കാവുന്ന പുതിയതരം ചലോ ടിക്കറ്റ് മെഷീന്‍ കണ്ടക്ടര്‍മാര്‍ക്ക് നല്‍കിവരുന്നുണ്ട്. സ്വിഫ്റ്റ് അടക്കം വിവിധ ജില്ലകളില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ദീര്‍ഘദൂരബസുകളിലാണ് ഈ പ്രോജക്ട് ആദ്യം ലോഞ്ചുചെയ്തത്. കെഎസ്ആര്‍ടിസി. ഐടി, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങള്‍ ചേര്‍ന്ന് ദ്രുതഗതിയില്‍ ഇത് ഇതര ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ്. ചില്ലറപ്രശ്‌നവും അതേച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ഒഴിവാക്കാന്‍ ഇത് ഉപകരിക്കും എന്നാണ് പൊതു വിലയിരുത്തല്‍. മാത്രമല്ല യാത്രയ്ക്കിടെ ടിക്കറ്റ് നഷ്ടപ്പെട്ടാലും തുക ട്രാന്‍സ്ഫര്‍ചെയ്തു എന്നതിന് തെളിവുണ്ടാകും.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply