ന്യൂഡല്‍ഹി: ലോക്കോ പൈലറ്റുമാര്‍ക്ക് ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ കഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഇല്ലെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.ഡിഎംഡികെ എംപി വൈക്കോയും ഡിഎംകെ എംപി എം. ഷണ്‍മുഖനുമാണ് ഇത് സംബന്ധിച്ച ചോദ്യം ചോദിച്ചത്.
തീവണ്ടി ഓടിക്കുന്നവര്‍ ജോലിക്കെത്തുംമുന്‍പോ ജോലിസമയത്തോ സോഫ്റ്റ് ഡ്രിങ്കുകള്‍, പഴങ്ങള്‍, കഫ് സിറപ്പ്, കരിക്കിന്‍വെള്ളം എന്നിവ കഴിക്കരുതെന്ന് ദക്ഷിണ റെയില്‍വേ ഏതെങ്കിലും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. അങ്ങനെയുണ്ടെങ്കില്‍ ഈ ചൂടുകാലത്ത് അവരോട് കാണിക്കുന്ന അധാര്‍മ്മികവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തിയാണിതെന്നും ഇവര്‍ വിശേഷിപ്പിച്ചു.
‘നോണ്‍ ആല്‍ക്കഹോളിക് പാനീയങ്ങള്‍ ഉപയോഗിക്കുന്നതിന് ലോക്കോപൈലറ്റുമാര്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ചില വസ്തുക്കളുടെ ഉപഭോഗം തടയുന്നതിനായി ദക്ഷിണ റെയില്‍വേ സ്വീകരിച്ച നടപടിയില്‍ ഇതിനകംതന്നെ തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരിക്കിന്‍വെള്ളം, ഹോമിയോ മരുന്നുകള്‍, ചിലതരം വാഴപ്പഴങ്ങള്‍, ചുമ മരുന്നുകളില്‍പ്പെട്ട സിറപ്പുകള്‍, ലഘുപാനീയങ്ങള്‍, മൗത്ത് വാഷ് എന്നിവയും ഉപയോഗിക്കരുതെന്ന് നേരത്തെ ദക്ഷിണ റെയില്‍വേ ഉത്തരവിറക്കിയതായി ആരോപണമുയര്‍ന്നിരുന്നു.
ജോലിക്കു കയറുന്നതിനും ഇറങ്ങുന്നതിനുമായി ക്രൂ ലോബിയിലെ സി.എം.എസ്.കിയോസ്‌കില്‍ സൈന്‍ ഓണ്‍, സൈന്‍ ഓഫ് എന്നിവ ചെയ്യുമ്പോള്‍ ബ്രെത്തലൈസര്‍ പുറന്തള്ളുന്ന വായുവില്‍ മദ്യത്തിന്റെ സാന്നിധ്യം വര്‍ധിച്ചുവരുന്നെന്നാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ കണ്ടവരുടെ രക്തസാമ്പിളുകള്‍ എടുത്ത് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെമിക്കല്‍ എക്സാമിനേഴ്‌സ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയയ്ക്കാറുണ്ട്. ഫലംവന്നപ്പോള്‍ മിക്ക രക്തസാമ്പിളുകളിലും മദ്യത്തിന്റെ അംശമില്ലെന്നു കണ്ടെത്തിയിരുന്നു. ബ്രെത്തലൈസറിന് തകരാര്‍ വന്നതാകാമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഉപകരണം മാറ്റുന്നതിനു പകരം ലോക്കോ പൈലറ്റുമാര്‍ ഭക്ഷണം നിയന്ത്രിക്കട്ടെയെന്നാണ് വിചിത്രമായ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിരുത്തിയിട്ടുണ്ടെന്നാണ് റെയില്‍വേ മന്ത്രി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply