ദില്ലി: പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിൽ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരർക്കും ഇടയിൽ വെടിവയ്പ് നടന്നു. ഭീകരർ നിലവിൽ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയെന്നാണ് സൂചന.

അതേസമയം, പഹൽഗാം ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നൽകുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങൾക്കുള്ളത്. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തിൽ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചർച്ച നടത്തിയത്. 

ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകൾക്കിടെയാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നൽകിയേക്കും. പാകിസ്ഥാൻ പൗരൻമാരുടെ മടക്കം അടക്കമുള്ള വിഷയങ്ങൾ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേർന്ന് വിലയിരുത്തും. സേനാ മേധാവിമാരുമായുള്ള ചർച്ചകൾക്ക് ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply