ലാഹോര്‍: ബലൂചിസ്താനിലെ ട്രെയിന്‍ റാഞ്ചിയ സംഭവത്തില്‍ കൂടുതല്‍ അവകാശവാദങ്ങളുമായി ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). ബന്ദികളാക്കി വെച്ച 214 പേരെ കൊലപ്പെടുത്തിയെന്നാണ് സംഘടന പറയുന്നത്. ജയിലിലടക്കപ്പെട്ടവര്‍ക്ക് പകരം ബന്ദികളെ കൈമാറാന്‍ സമയം അനുവദിച്ചിട്ടും സൈന്യം വഴങ്ങിയില്ലെന്നും അതിനെ തുടര്‍ന്ന് ബന്ദികളെ കൊലപ്പെടുത്തിയെന്നും ബിഎല്‍എ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
പാകിസ്താന്‍ സൈന്യത്തിന് ജയിലിലടക്കപ്പെട്ടവരെ കൈമാറാനായി 48 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ സൈന്യം ഇതിന് വഴങ്ങിയില്ല. പാക് സൈന്യം ധിക്കാരപൂര്‍വമായ സമീപനമാണ് സ്വീകരിച്ചത്. അതിന്റെ ഫലമായി 214 ബന്ദികളെയും കൊലപ്പെടുത്തി- ബിഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം ഇത് സ്ഥിരീകരിക്കാന്‍ തക്ക യാതൊരു തെളിവുകളും ബിഎല്‍എ പുറത്തുവിട്ടിട്ടില്ല. ഈ വാദം പാകിസ്താന്‍ തള്ളിയിട്ടുമുണ്ട്. 33 ഭീകരരെ വധിക്കുകയും 354 ബന്ദികളെ രക്ഷപ്പെടുത്തിയെന്നുമാണ് നേരത്തേ പാകിസ്താന്‍ സൈന്യത്തിന്റെ വക്താവ് അറിയിച്ചത്.
ബലൂചിസ്താന്‍ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി 450 യാത്രക്കാരുമായി ക്വെറ്റയില്‍ നിന്ന് പുറപ്പെട്ട ജാഫര്‍ എക്സ്പ്രസ് റാഞ്ചിയത്. ബോലാനിലെ ഒരു തുരങ്കത്തിനടുത്ത് വെച്ച് റെയില്‍ പാളം തകര്‍ത്താണ് ട്രെയിന്‍ റാഞ്ചിയത്. ജയിലിലടയ്ക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നായിരുന്നു ബിഎല്‍എയുടെ ആവശ്യം. അതിന് പിന്നാലെ ബന്ദികളാക്കിയ യാത്രക്കാരെ പാക് സുരക്ഷാസേന മോചിപ്പിച്ചത് ദിവസം മുഴുവന്‍ നീണ്ട സൈനിക നടപടികള്‍ക്കൊടുവിലായിരുന്നു. ഏറ്റുമുട്ടലില്‍ 33 വിഘടനവാദികളേയാണ് പാക് സൈന്യം വധിച്ചത്. 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply