തിരുവനന്തപുരം: വിഴിഞ്ഞത്തേത് കേവലം ഒരു തുറമുഖ കവാടം തുറക്കലല്ലെന്നും വികസനസാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1996 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്. സ്ഥാപിത താത്പര്യക്കാര്‍ പടര്‍ത്താന്‍ ശ്രമിച്ച തെറ്റിദ്ധാരണകളെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിജീവിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. ചെലവിന്റെ മുഖ്യപങ്ക് കേരളമാണ് വഹിക്കുന്നതെന്നും പ്രധാനമന്ത്രിയെ സാക്ഷിയാക്കി മുഖ്യമന്ത്രി എടുത്ത് പറഞ്ഞു.
‘അങ്ങനെ നമ്മള്‍ ഇതും നേടി. ഇത് കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്‌നമാണ്. ആ സ്വപ്‌നസാക്ഷാത്കാരത്തിന്റെ നിമിഷമാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പോര്‍ട്ടായി മാറുകയാണ്. ലോകത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഓന്നായി മാറുകയാണ്.’- പിണറായി വിജയന്‍ പറഞ്ഞു.
‘ഇത് കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. വികസനസാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ്. വിഴിഞ്ഞത്തെ സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ്. ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ബൃഹത് തുറമുഖ നിര്‍മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണ് വഹിക്കുന്നത്. ‘
‘കരാര്‍ പ്രകാരം 2045 ല്‍ മാത്രമേ ഇത് പൂര്‍ത്തിയാകേണ്ടതുള്ളൂ. നമ്മള്‍ അതിന് കാത്തുനിന്നില്ല. 2024 ല്‍ തന്നെ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ ആരംഭിച്ചു. മദര്‍ഷിപ്പിനെ സ്വീകരിച്ചു. തുടര്‍ന്ന് 250-ലേറെ കപ്പലുകള്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. ഇപ്പോഴിതാ ഒന്നാംഘട്ടം പതിറ്റാണ്ടുമുമ്പ് പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യുന്നു. ഇതിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.’
‘പ്രതിസന്ധികളുണ്ടായെങ്കിലും കേരളം തളര്‍ന്നില്ല. 1996 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്. ഇടക്കാലത്ത് പദ്ധതി അനിശ്ചിതത്വത്തിലായി. വിഴിഞ്ഞെ പദ്ധതി നടപ്പാകുക തന്നെ വേണം എന്ന നിലപാടാണ് കൈക്കൊണ്ടത്. അതുപ്രകാരം 2016 ല്‍ അധികാരത്തില്‍വന്നതിന് ശേഷം ബൃഹത്തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുന്നതിനുള്ള നിലപാടുകള്‍ കൈക്കൊണ്ടത്. സ്ഥാപിതതാത്പര്യക്കാര്‍ പടര്‍ത്താന്‍ ശ്രമിച്ച തെറ്റിദ്ധാരണകളെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിജീവിച്ചു. നിയമകുരുക്ക് നീക്കി. സങ്കടങ്ങള്‍ക്ക് അറുതിവരുത്തിയാണ് സര്‍ക്കാര്‍ നീങ്ങിയത്.’- മുഖ്യമന്ത്രി പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.