തിരുവനന്തപുരം: ഭരണമാറ്റം ഉണ്ടാകുന്നതുകൊണ്ടാണ് ഇടതുപക്ഷ സർക്കാരുകളുടെ ഭരണനേട്ടത്തിന് തുടർച്ച ഉണ്ടാകാതിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുഡിഎഫ് സർക്കാരിനുശേഷം ഇടതുപക്ഷം ഭരണത്തിലെത്തുമ്പോൾ ആദ്യരണ്ടുവർഷത്തെ ദൗത്യം നാടിനെ വീണ്ടെടുക്കലായിരുന്നു. അത് വേണ്ടിവരാതിരുന്നത് 2021 മുതലാണ്. അതിന്റെ നേട്ടം ഈ നാട് അനുഭവിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സിപിഎം ആസ്ഥാനമായ പുതിയ എകെജി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടർഭരണത്തിലൂടെ കേരളം രാജ്യശ്രദ്ധയിലെത്തിയെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. അതിന് തുടർച്ചയുണ്ടാക്കാനാകണം. കരുതലോടെ നീങ്ങിയാൽ അതിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എകെജി പഠനഗവേഷണകേന്ദ്രം തയ്യാറാക്കിയ സ്മരണിക എം.എ. ബേബി പ്രകാശനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത ഏറ്റുവാങ്ങി.
മൂന്നാംതവണയും എൽഡിഎഫ് ഭരണം സാധ്യമാക്കുന്നതിനുള്ള കേന്ദ്രമായി പുതിയ എകെജി സെന്റർ മാറുമെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ചും പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചുംകൊണ്ടാണ് പൊതുസമ്മേളനം തുടങ്ങിയത്. പിബി അംഗം എ. വിജയരാഘവൻ, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ, ഘടകകക്ഷി നേതാക്കളായ ബിനോയ് വിശ്വം, സ്റ്റീഫൻജോർജ്, മാത്യു ടി. തോമസ്, കെ.പി. മോഹനൻ, ആന്റണി രാജു, ബിനോയ് ജോസഫ്, മുൻമന്ത്രി എ.കെ. ബാലൻ, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.