ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന പരിഷ്‌കരിച്ച് നടപ്പാക്കുന്ന സമഗ്ര ഭവന പദ്ധതിയില്‍ കേരളം ഇതുവരെ ധാരണാപത്രം ഒപ്പു വച്ചിട്ടില്ലെന്ന് കേന്ദ്രം. രാജ്യത്തെ ഒരു കോടി കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ നിബന്ധനകള്‍ സംസ്ഥാന സര്‍ക്കാരുകളുമായും ഭവന നിര്‍മാണ രംഗത്തെ വിവിധ ഏജന്‍സികളുമായും ചര്‍ച്ച ചെയ്താണ് ആവിഷ്‌കരിച്ചത്.
കേരളത്തില്‍ അഞ്ച് ലക്ഷം കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി 29 ധാരണപത്രങ്ങള്‍ പദ്ധതിക്കായി ഒപ്പുവച്ചു. എന്നാല്‍, കേരളം ഇതുവരെ ഒപ്പുവച്ചിട്ടില്ല. കേരളത്തിലെ അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും വീട് നല്‍കുന്ന തരത്തില്‍ നിബന്ധനകള്‍ക്ക് മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രം.
ശബരി റെയിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് റെയില്‍വേ മന്ത്രി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെയും റെയില്‍വേ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ക്കണമെന്നു ജെബി മേത്തര്‍ എംപി ആവശ്യപ്പെട്ടു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. ദേശീയപാത 66ലെ കൊടുങ്ങല്ലൂര്‍ ബൈപാസ് സിഐ ഓഫിസ് പരിസരത്തു വര്‍ധിച്ചുവരുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി അടിപ്പാത നിര്‍മിക്കണമെന്നു ബെന്നി ബഹനാന്‍ എംപി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് ആവശ്യപ്പെട്ടു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply