വത്തിക്കാൻ സിറ്റി: സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം തീര്‍ത്ത വേദന ഒഴിയാതെ ലോകം. ഇതിനിടെ മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്. സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യൻ പത്രോസിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറയുന്നു.
പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്. അവരെ സാക്ഷിയാക്കി രാത്രിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെലാണ് നേതൃത്വം നല്‍കിയത്. അതിനിടെ മാർപാപ്പയുടെ മരണകാരണം വ്യക്തമാക്കി വത്തിക്കാന്‍ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്ന് വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗം ചേരും. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. നാളെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം നടക്കും.
ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാർപാപ്പ കാലം ചെയ്തത്. 88 വയസായിരുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക് പതിനാറാൻ മാർപാപ്പ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി അദ്ദേഹം ചുമതല ഏറ്റത്. കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം.
ഹോർഗേ മരിയോ ബര്‍ഗോളിയോ എന്നായിരുന്നു പേര്. മാർപാപ്പയായപ്പോൾ ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായണ് ഫ്രാൻസിസെന്ന പേര് ഒരു മാർപ്പാപ്പ സ്വീകരിച്ചത്. വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്നുവെച്ച് അതിഥിമന്ദിരത്തിലെ സാധാരണ മുറിയില്‍ താമസമാക്കി. ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന് ദരിദ്രർക്കും സ്ത്രീകള്‍ക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാം വേണ്ടി വാദിച്ചു. യുദ്ധങ്ങളെ നന്മയും തിന്മയുമായി കാണരുതെന്ന് പറഞ്ഞ മാർപ്പാപ്പ യുദ്ധങ്ങള്‍ക്കെതിരെ നിലകൊണ്ടു. ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിന്‍റെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിൻ്റെ വിയോഗം.
Discover more from MALAYALAM
Subscribe to get the latest posts sent to your email.