കോട്ടയം: ഗവണ്‍മെന്റ് നഴ്സിംഗ് കോളേജില്‍ നടന്നതുപോലെയുള്ള അതിക്രൂരവും ഭീകരവുമായ റാഗിംഗ് സംഭവങ്ങള്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാകുന്നതിന് കാരണം നിര്‍ഭാഗ്യവശാല്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച രണ്ടു വിധിന്യായങ്ങള്‍ ഇത്തരം റാഗിങ് കേസുകളില്‍ കൊലയാളികള്‍ക്കു നല്‍കുന്ന ആനുകൂല്യമാണെന്ന് രമേശ് ചെന്നിത്തല. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ്എഫ്ഐ ഗുണ്ടകളാല്‍ ക്രൂരമായി റാഗ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മരിച്ച ജെ.എസ് സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച പ്രതികളുടെ ജാമ്യം, തുടര്‍പഠനം എന്നിവ സംബന്ധിച്ചാണ് കേരള ഹൈക്കോടതി ഈ രണ്ടു വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചത്.
സിദ്ധാര്‍ത്ഥനെ, കോളേജിലെ പുരുഷ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലെ ഡോര്‍മെറ്ററിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ്. ഇതിനെ തുടര്‍ന്ന് കോളേജിലെ ആന്റി റാഗിംഗ് സ്‌ക്വാഡ് വിഷയത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി. എസ്എഫ്ഐ ഗുണ്ടകളുടെ അതി ക്രൂര റാഗിങ്ങിനും ശാരീരിക ആക്രമത്തിനും വിധേയനായസിദ്ധാര്‍ത്ഥനെ 2024 ഫെബ്രുവരി 18ന് ഹോസ്റ്റലിലെ ശുചി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ വിഷയം വലിയ ബഹുജന പ്രക്ഷോഭത്തിന് കാരണമായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിഷയം അന്വേഷിക്കാന്‍ സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു. സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ എസ്എഫ്ഐ ഗുണ്ടകള്‍ ജെ.എസ് സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയെ അതിക്രൂരമായി ശാരീരികമായി ആക്രമിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ട്.
ഈ കേസിലെ പ്രതികള്‍ ജാമ്യ അപേക്ഷയുമായി ബഹു.കേരളാ ഹൈക്കോടതിയുടെ മുന്നിലെത്തി. കേരളാ ഹൈക്കോടതി, 2024 മെയ് 31ന് പുറപ്പെടുവിച്ച വിധിയിലൂടെ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. നിയമപരമായി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെ ന്യായീകരിച്ചാല്‍ പോലും, ജാമ്യം അനുവദിക്കാന്‍ കോടതി നിരത്തിയ ന്യായങ്ങള്‍, ഞെട്ടിക്കുന്നതും, തീര്‍ത്തും വാസ്തവവിരുധവും, സിദ്ധാര്‍ത്ഥനെ ക്രൂരമായി അക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതികളെ അടിമുടി ന്യായീകരിക്കുന്നതുമായിരുന്നു.
മരണപ്പെട്ട സിദ്ധാര്‍ത്ഥനെ പ്രതികള്‍ ക്രൂരമായി അക്രമിച്ചിരുന്നു എങ്കില്‍, അതിന് അനുസരിച്ചുള്ള പരിക്കുകള്‍ ശരീരത്തില്‍ കാണേണ്ടതായിരുന്നു, അത്തരം പരിക്കുകള്‍ ഒന്നും സിദ്ധാര്‍ത്ഥന്റെ ശരീരത്തില്‍ ഇല്ലായിരുന്നു എന്നും കോടതി വിലയിരുത്തി. ആ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മരണമടഞ്ഞ സിദ്ധാര്‍ത്ഥനെ ഗുണദോഷിച്ച് നന്നാക്കാനുള്ള ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ എന്നും, ”മറിച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കാനുള്ള ഉദ്ദേശ്യമില്ലായിരുന്നു” എന്നും കോടതി കണ്ടെത്തി.തുടര്‍ന്ന് ”മരണപ്പെട്ടയാളെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ പ്രതികള്‍ പ്രേരിപ്പിച്ചു എന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ ഒന്നും തന്നെ കാണാനില്ല എന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി 19 പ്രതികള്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
തുടര്‍ന്ന് 2024 ഡിസംബര്‍ അഞ്ചിന് ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച മറ്റൊരു വിധിയിലൂടെ, കേസിലെ മുഴുവന്‍ പ്രതികളെയും തൃശ്ശൂര്‍ മണ്ണുത്തി കോളേജില്‍ പ്രവേശിപ്പിക്കാനും കോടതി ഉത്തരവിട്ടു. എന്ന് മാത്രമല്ല, സിദ്ധാര്‍ത്ഥന്‍ അതിക്രൂരമായി പീഡനത്തിന് ഇരയായി എന്ന് കണ്ടെത്തിയ ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ ഇടക്കാല റിപ്പോര്‍ട്ടും ബഹുമാനപ്പെട്ട ഹൈക്കോടതി റദ്ദാക്കി. പ്രതികള്‍ക്ക് സ്വാഭാവിക നീതി നിഷേധിച്ചു എന്ന് കണ്ടാണ് പ്രതികളെ അവര്‍ പഠിച്ചിരുന്ന കോളേജില്‍ നിന്ന് പുറത്താക്കാനും മറ്റ് ഒരു കോളേജിലും പഠിക്കുന്നതില്‍നിന്ന് മൂന്നു വര്‍ഷത്തേക്ക് ഡിബാര്‍ ചെയ്യുന്നതിനും ഉള്ള ഒരു സര്‍വകലാശാലയുടെ തീരുമാനം ബഹുമാനപ്പെട്ട ഹൈക്കോടതി റദ്ദാക്കിയത്.
ഇവിടെ ഉയരുന്ന സുപ്രധാന ചോദ്യം, സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയെ കൊടിയ ശാരീരിക ആക്രമണത്തിനും, പീഢനത്തിനും, ഇരയാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ട പ്രതികളെയാകെ സംരക്ഷിക്കുന്ന സമീപനത്തിന് പകരം ബഹുമാനപ്പെട്ട ഹൈക്കോടതി സിദ്ധാര്‍ത്ഥനെ മരണത്തിലേക്ക് തള്ളിവിട്ട പ്രതികള്‍ക്ക് കര്‍ശനശിക്ഷ ലഭിക്കും എന്ന വ്യക്തമായ സന്ദേശം വിധി ന്യായങ്ങളിലൂടെ നല്‍കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് പോലുള്ള ക്രൂരമായ റാഗിംഗ് അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമായിരുന്നോ എന്നതാണെന്ന് രമേശ് അഭിപ്രായപ്പെട്ടു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply