കേന്ദ്രത്തില്‍ അധികാരത്തില്‍ തിരികെയെത്താന്‍, സാമൂഹിക നീതി ഉന്നയിച്ച് സോഷ്യലിസ്റ്റുകള്‍ കവര്‍ന്നെടുത്ത പിന്നാക്ക-ദളിത്-ന്യൂനപക്ഷ വോട്ടുകള്‍ തിരികെ പിടിക്കണമെന്ന രാഷ്ട്രീയ പ്രഖ്യാപനത്തിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനം. ചൊവ്വാഴ്ച സര്‍ദാര്‍ പട്ടേല്‍ സ്മാരകത്തില്‍ ചേര്‍ന്ന വിപുലമായ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച കരടു പ്രമേയം അംഗീകരിച്ചു. ബുധനാഴ്ച സബര്‍മതി തീരത്ത് ചേരുന്ന എഐസിസി സമ്മേളനം ന്യായപഥ് (നീതിയുടെ വഴി) പ്രമേയം പാസാക്കും.

ജവഹര്‍ലാല്‍ നെഹ്രുവിന്റെയും ഇന്ദിരയുടെയും കാലം മുതല്‍ ഒബിസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ കോണ്‍ഗ്രസ്സിന്റെ നട്ടെല്ലായിരുന്നുവെന്ന് സമാപന പ്രസംഗത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവുകൂടിയായ രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ വിഭാഗങ്ങളില്‍ വലിയൊരുഭാഗമിപ്പോള്‍ പാര്‍ട്ടിക്കൊപ്പമില്ല. മുന്നാക്കവിഭാഗത്തില്‍ മുഴുവന്‍ പേരും ഒരു കാലത്തും പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്നില്ല. അതിനാല്‍ ഒപ്പമുണ്ടായിരുന്ന പിന്നാക്കക്കാരെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികള്‍ തയ്യാറാക്കണം. അവരുടെ വിശ്വാസം ആര്‍ജിക്കണം. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തൊന്നും ഒബിസി, ദളിത് വിഭാഗങ്ങളില്ല. അവരുടെ അവകാശത്തിനു വേണ്ടി സംസാരിക്കണം. ന്യൂനപക്ഷാക്രമണം കൂടിയിരിക്കയാണിപ്പോള്‍. വഖഫിലൂടെ മുസ്ലിങ്ങള്‍ക്കെതിരേ തുടങ്ങിയ ആക്രമണം ഇനി ക്രിസ്ത്യന്‍ സമുദായങ്ങളിലേക്കും വരുമെന്നും അതിനാല്‍ ന്യൂനപക്ഷ സംരക്ഷണത്തില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ പറഞ്ഞു.

സാമൂഹിക നീതിയാണ് കോണ്‍ഗ്രസ്സിന്റെ ആശയാടിസ്ഥാനമെന്ന് കരടുപ്രമേയത്തില്‍ പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും പിന്നാക്കക്കാരുമായവരെ ഒഴിവാക്കി ഒരു രാജ്യത്തിനും അഭിവൃദ്ധി പ്രാപിക്കാനാവില്ല. 1951-ല്‍ സംവരണം സുപ്രീം കോടതി റദ്ദാക്കിയപ്പോള്‍, ജവഹര്‍ലാല്‍ നെഹ്രുവാണ് ആദ്യഭരണഘടനാഭേദഗതിയിലൂടെ അനുച്ഛേദം 15 (4) ഉള്‍പ്പെടുത്തി അടിസ്ഥാനാവകാശങ്ങളില്‍ സംവരണം കൊണ്ടുവന്നത്. 1993 സെപ്റ്റംബറില്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒബിസികള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തി.

2006 ജനുവരി 20-ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു. നെഹ്രു തുടങ്ങിവെച്ച പ്രയാണം അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോവുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണം ശക്തിപ്പെടുത്താന്‍ ജാതിസെന്‍സസ് നടത്തി അവകാശം നല്‍കണം. അതിന് പകരം ബിജെപി സര്‍ക്കാര്‍ ഒബിസി, എസ്സി, എസ്ടി സംവരണം ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിലൂടെ സംവരണ സീറ്റുകള്‍ ഇല്ലാതാവുകയാണ്. കേന്ദ്ര-സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളില്‍ 30 ലക്ഷം തസ്തികകളാണ് നികത്താതെ കിടക്കുന്നത്. അദിവാസി-ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമണം വര്‍ഷം തോറും 13 ശതമാനം നിരക്കില്‍ വര്‍ധിക്കുകയാണെന്നും കരടു പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

പ്രവര്‍ത്തക സമിതി യോഗത്തില്‍ രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസ്സിന്റെ ദേശീയത, ഭരണഘടനാ സംരക്ഷണം, സാമൂഹിക നീതി-ഇന്നലെ, ഇന്ന്, നാളെ, അധ്വാനിക്കുന്ന തൊഴിലാളികള്‍, ദേശീയ ഐക്യം, സ്ത്രീ സമത്വം, നിയമപരമായ എംഎസ്പി, പരാജയപ്പെട്ട വിദേശ നയം, സംഘടനാശാക്തീകരണം എന്നീ വിഷയങ്ങളില്‍ ഒറ്റപ്രമേയവും ഗുജറാത്തിനായി മറ്റൊരു പ്രമേയവും അവതരിപ്പിച്ചു. ഇവ ബുധനാഴ്ച അംഗീകരിക്കും. പ്രമേയത്തിന്മേല്‍ ദിഗ്വിജയ് സിങ് ചര്‍ച്ച തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു. വിദേശത്തായതിനാല്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തില്ല. കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.കെ. രാഘവന്‍ എന്നിവരും പങ്കെടുത്തു. 158 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. 35 പേര്‍ എത്തിയില്ല. വൈകിട്ട് സബര്‍മതി ആശ്രമത്തില്‍ പ്രാര്‍ഥനാ സമ്മേളനവും സാംസ്‌കാരിക പരിപാടിയും ഉണ്ടായി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply