കൊച്ചി: റെജിസ് ആന്റണി സംവിധാനം ചെയ്ത ‘സ്വര്‍ഗം’ ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. അജു വര്‍ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഒക്ടോബര്‍ അവസാനമാണ് തിയറ്ററുകളില്‍ എത്തിയത്. നാല് മാസത്തോടടുക്കുമ്പോഴാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. മനോരമ മാക്‌സിലൂടെ ഈ മാസം 16 ന് ചിത്രം ഒടിടിയില്‍ എത്തും.
സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസി കെ ഫെര്‍ണാണ്ടസ് ആന്‍ഡ് ടീം ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിന് ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സംവിധായകന്‍ റെജിസ് ആന്റണിയും റോസ് റെജിസും ചേര്‍ന്ന് തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയ ചിത്രത്തിന്റെ കഥ ലിസി കെ ഫെര്‍ണാണ്ടസിന്റെതാണ്. സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, സജിന്‍ ചെറുകയില്‍, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം (‘ജയ ജയ ഹേ’ ഫെയിം), തുഷാര പിള്ള, മേരി ചേച്ചി (‘ആക്ഷന്‍ ഹീറോ ബിജു’ ഫെയിം), മഞ്ചാടി ജോബി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താന്‍, റിതിക റോസ് റെജിസ്, റിയോ ഡോണ്‍ മാക്‌സ്, സിന്‍ഡ്രല്ല ഡോണ്‍ മാക്‌സ് എന്നിവരും അഭിനയിക്കുന്നുണ്ട്. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍, അയല്‍വാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്.
ബി കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, ബേബി ജോണ്‍ കലയന്താനി എന്നിവര്‍ വരികള്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ബിജിബാല്‍, ജിന്റോ ജോണ്‍, ലിസി കെ ഫെര്‍ണാണ്ടസ് എന്നിവരാണ് സംഗീതം പകരുന്നത്. പ്രശസ്തമായ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളിലൂടെശ്രദ്ധേയനായ ബേബി ജോണ്‍ കലയന്താനി ആദ്യമായാണ് ഒരു സിനിമയ്ക്കായി ഗാനങ്ങള്‍ രചിക്കുന്നത്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് കെ എസ് ചിത്ര, വിജയ് യേശുദാസ്, ഹരിചരണ്‍, സുദീപ് കുമാര്‍, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരാണ്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply