കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയിൽ റിസോര്‍ട്ടിലെ ടെന്‍റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തിൽ രണ്ടു പേര്‍ അറസ്റ്റിൽ. റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ടു പേരാണ് അറസ്റ്റിലായത്. 900 കണ്ടിയിലെ എമറാള്‍ഡിന്‍റെ ടെന്‍റ് ഗ്രാം എന്ന റിസോര്‍ട്ടിലെ നടത്തിപ്പുകാരായ സ്വച്ഛന്ത്, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
ഇരുവരെയും ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു സുരക്ഷയും ഇല്ലാത്ത ടെന്‍റ് ആണ് തകർന്ന് വീണതെന്നാണ് വിവരം. ദ്രവിച്ച മരത്തടികൾ കൊണ്ട് ഉണ്ടാക്കിയ ടെൻ്റിലുണ്ടായ അപകടത്തിലാണ് മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മ മരിച്ചത്.
വിനോദ സഞ്ചാരകേന്ദ്രമായ 900 കണ്ടിയിലെ വനമേഖലയോട് ചേർന്ന് പ്രവർത്തിച്ച എമറാള്‍ഡ് റിസോർട്ടിന്‍റെ ടെന്‍റ് ഗ്രാമിലാണ് അപകടമുണ്ടായത്. അര്‍ധരാത്രി കനത്ത മഴയ്ക്കിടെ തടികൊണ്ട് കെട്ടി ഉണ്ടാക്കിയ ടെന്‍റ് തകരുകയായിരുന്നു. മഴയിൽ ടെന്‍റ് മേഞ്ഞ പുല്ലില്‍ ഭാരം കൂടിയതോടെ ദുർബലാവസ്ഥയില്‍ ആയിരുന്ന നിർമ്മിതി തകർന്നു. വിനോദസഞ്ചാരികളായ 16 അംഗ സംഘമാണ് അപകട സമയത്ത് റിസോർട്ടിൽ ഉണ്ടായിരുന്നത്.
ഇതിൽ മൂന്നു പെൺകുട്ടികൾ താമസിച്ചിരുന്ന ടെന്‍റാണ് തകർന്നുവീണത്. നിലമ്പൂര്‍ സ്വദേശിയായ നിഷ്മ ആശുപത്രിയിലേക്ക് കൊണ്ടുപോകന്നതിനിടെയാണ് മരിച്ചത്. പുല്ലുമേഞ്ഞ ടെന്റിനു കീഴിൽ 3 പ്ലാസ്റ്റിക് ടെന്റുകൾ ഉണ്ടാക്കിയാണ് ഇവർ താമസിച്ചിരുന്നത്. ഉറപ്പില്ലാത്ത ദ്രവിച്ച മരത്തടികളായിരുന്നു ടെന്‍റിന് താങ്ങായി നല്‍കിയിരുന്നത്.
അതേസമയം, എമറാള്‍ഡ് റിസോർട്ടിന് ഒരു അനുമതിയും നല്‍കിയിരുന്നില്ലെന്ന് മേപ്പാടി പഞ്ചായത്ത് അറിയിച്ചു. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, അപകടത്തിന് കാരണം മഴയാണെന്നും ടെന്‍റില്‍ ആവശ്യത്തിന് സുരക്ഷയുണ്ടായയിരുന്നുവെന്നും എല്ലാ അനുമതിയുണ്ടെന്നും റിസോർട്ട് നടത്തിപ്പുകാർ പറഞ്ഞു. അപകടത്തില്‍ രണ്ട് പേർക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് രക്ഷാപ്രവർത്തനത്തിനിടെയാണ് പരിക്കേറ്റത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.