ന്യൂ ഡൽഹി: പാക് ഭീകര കേന്ദ്രങ്ങൾക്കെതിരായ ഇന്ത്യൻ സെെന്യത്തിന്‍റെ നീക്കത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് നൽകിയത് ഏറ്റവും ശക്തമായ തീരുമാനമെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂർ. സിന്ദൂരത്തിന്റെ നിറത്തിന് രക്തത്തിന്റെ നിറത്തില്‍ നിന്നും വലിയ വ്യത്യാസമില്ലെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാന്‍ സാധിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. സൗദി അറേബ്യൻ മാധ്യമമായ അൽ അറേബ്യയോടായിരുന്നു തരൂരിന്‍റെ പ്രതികരണം.എന്തുകൊണ്ടാണ് ഇന്ത്യയുടെ നീക്കത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു തരൂരിന്റെ മറുപടി.
‘പഹല്‍ഗാം ആക്രമണത്തിന് ശേഷം സോഷ്യല്‍മീഡിയ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് ഹണിമൂണിനായി കശ്മീരിലെത്തിയ നവവധു, കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹത്തിനരികെ ഇരിക്കുന്നതാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ തീവ്രവാദികള്‍ അവരുടെ നെറ്റിയിലെ സിന്ദൂരമാണ് മായ്ച്ചുകളഞ്ഞത്.
എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് പാക് ഭീകരകേന്ദ്രങ്ങള്‍ക്കെതിരായ സൈന്യത്തിന്റെ നടപടിയെന്നും ജനങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ ഏറ്റവും ഉചിതവും ശക്തവും വൈകാരികവുമായ പേരാണ് ഓപ്പറേഷന്‍ സിന്ദൂര്‍. സിന്ദൂരത്തിന്റെ നിറത്തിന് രക്തത്തിന്റെ നിറത്തില്‍ നിന്നും വലിയ വ്യത്യാസമില്ലെന്ന് സംശയത്തിന് ഇടയില്ലാതെ പറയാം എന്നാണ് എനിക്ക് കൂട്ടിച്ചേര്‍ക്കാനുള്ളത്’, എന്നും ശശി തരൂർ പറഞ്ഞു. ആരുടെ നിർദേശമായാലും ഓപ്പറേഷൻ സിന്ദൂർ എന്ന പേര് അത്യൂജ്ജ്വലമാണെന്നും തരൂർ കൂട്ടിച്ചേർത്തു.
സൈനിക നടപടിയെ സ്വാഗതം ചെയ്ത് തരൂർ നേരത്തെ രംഗത്തുവന്നിരുന്നു. ഓപ്പറേഷൻ സിന്ദൂരിലൂടെ കേന്ദ്രം നൽകിയത് തക്കതായ തിരിച്ചടിയാണെന്നും രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നുമായിരുന്നു ശശി തരൂർ പറഞ്ഞത്. ‘ഹിറ്റ് ഹാർഡ് ഹിറ്റ് സ്മാർട്ടി’ൻ്റെ ആവശ്യമുണ്ടായിരുന്നു. ആക്രമിച്ചത് ഭീകര കേന്ദ്രങ്ങൾ മാത്രമാണെന്നും ഇങ്ങനെ ഒരു തീരുമാനമെടുത്തതിൽ അഭിമാനിക്കുന്നുവെന്നും തരൂർ പറഞ്ഞിരുന്നു.
ദീർഘമായ ഒരു യുദ്ധം ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാണെന്നും തരൂർ കൂട്ടിച്ചേർത്തിരുന്നു. ദേശീയ ഐക്യം ഇക്കാര്യത്തിൽ അനിവാര്യമാണ്. സൈനിക നടപടിയെകുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചത് സ്ത്രീകൾ തന്നെയാണ് എന്നത് അഭിമാനകരമാണെന്നും തരൂർ പറഞ്ഞിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.