നിലമ്പൂര്‍: പി.വി.അന്‍വര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ‘രണ്ട് വാചകങ്ങളില്‍ ഇന്നലെ പറഞ്ഞിട്ടുണ്ട്. അത് എന്റെ വാക്കല്ല, കേരളത്തിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഉറച്ച വാക്കാണ്. ഏറ്റവും ലളിതമായിട്ടാണ് കാര്യമാണ് പറഞ്ഞത്. ഒരു അഹങ്കാരവുമില്ല’ സതീശന് പ്രതികരിച്ചു.
യുഡിഎഫുമായി സഹകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുന്ന കാര്യവും അന്‍വര്‍ തീരുമാനിക്കട്ടെയെന്നും യുഡിഎഫ് നിലപാട് അതിനുശേഷം പറയാമെന്നും സതീശന് പറയുകയുണ്ടായി. എന്നാല്‍ സതീശന്റെ ഈ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പി.വി.അന്‍വര്‍ ഇന്ന് രംഗത്തെത്തിയിരുന്നു. യുഡിഎഫ് പ്രവശനവും സഹകരണവും ആവശ്യപ്പെട്ട് നാലുമാസമായി കത്ത് നല്കി കാത്തിരിക്കുകയാണെന്നും വി.ഡി.സതീശനെ യുഡിഎഫ് നേതാക്കാള്‍ തീരുമാനം പ്രഖ്യാപിക്കാന്‍ ചുമതലപ്പെടുത്തിയിട്ടും അദ്ദേഹം അത് നടപ്പിലാക്കുന്നില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. വസ്ത്രാക്ഷേപം നടത്തിയ തനിക്കുമേല്‍ സതീശന് ചെളിവാരി എറിയുകകൂടിയാണ് ചെയ്തിരിക്കുന്നതെന്നും അന്‍വര്‍ പ്രതികരിച്ചിരുന്നു.
എന്നാല്‍ ഓരോരുത്തര് പറയുന്ന കാര്യങ്ങള്‍ക്ക് പത്രസമ്മേളനം നടത്തി മറുപടി പറയുന്നതില്‍ അനൗചിത്യം ഉണ്ടെന്ന് സതീശന് ഇതിനോട് പ്രതികരിച്ചു.
അന്‍വര്‍ നടത്തുന്ന പ്രസ്താവനകളോട് എതിര്‍പ്പുണ്ടെങ്കിലും അദ്ദേഹത്തെ ഒപ്പം സഹകരിപ്പിക്കണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയും ലീഗ് നേതാക്കളും. വിചാരിക്കുന്ന കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല. ശുഭകരമായ പര്യവസാനം ഉണ്ടാകുമെന്ന് ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചര്‍ച്ചകളും ആശയവിനിമയങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്‍വറുമായുള്ള പ്രശ്നം പരിഹരിക്കാനാകുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. അന്‍വറുമായും പ്രതിപക്ഷനേതാവുമായും താന്‍ സംസാരിച്ചിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. മുന്നണിയിലേക്ക് ഒരു ഘടകകക്ഷിയെ എടുക്കുമ്പോള്‍ ചില നടപടിക്രമങ്ങളുണ്ട്. ഇക്കാര്യത്തില്‍ വൈകാതെ ശുഭകരമായ തീരുമാനത്തിലേക്കെത്തിക്കാന്‍ നടപടിയുണ്ടാകും. എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തണമെന്നാണ് യുഡിഎഫിന്റെ എക്കാലത്തേയും സമീപനം. തീരുമാനം വൈകുന്നതില്‍ പ്രതിപക്ഷ നേതാവിനെ മാത്രം കുറ്റപ്പെടുത്താന്‍ ആകില്ലെന്നും ചെന്നിത്തല പറഞ്ഞു.
അന്‍വര്‍ ആദ്യം യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിക്കട്ടെ എന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനും പറഞ്ഞു. യുഡിഎഫ് നയങ്ങളോട് അന്‍വര്‍ യോജിക്കണം. പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കുമെന്നും സണ്ണി ജോസഫ് ചോദിച്ചു.
അതേസമയം അന്‍വറിന് താന്‍ മറുപടി പറയുന്നില്ലെന്നും യുഡിഎഫ് നേതൃത്വം അക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും ആര്യാടന് ഷൗക്കത്ത് വ്യക്തമാക്കി. എതിര് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ആരെയും ചേര്‍ത്തു നിര്‍ത്തും. നിലമ്പൂരിലെ ജനകീയ പ്രശ്നങ്ങളാണ് തനിക്ക് പ്രധാനം. നിലമ്പൂരില്‍ നേരത്തെ തന്നെ യു.ഡി.എഫ് മുന്നൊരുക്കം നടത്തിയിരുന്നു.വലിയ വിജയം യു.ഡി.എഫിനുണ്ടാകും. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് ലക്ഷ്യമെന്നും ഷൗക്കത്ത് പറഞ്ഞു. രാവിലെ അന്‍വര്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഷൗക്കത്തിനെതിരെയും വിമര്‍ശനങ്ങളുന്നയിച്ചിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.