കോഴിക്കോട്: താമരശ്ശേരിയില്‍ സഹവിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനമേറ്റ് മരിച്ച പത്താംക്ലാസുകാരന്‍ മുഹമ്മദ് ഷഹബാസിന്റെ ഫോണിലേക്ക് മര്‍ദ്ദിച്ച വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചയച്ച ശബ്ദ സന്ദേശം പുറത്ത്. ഷഹബാസിന്റെ വാട്‌സാപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചത്. ഇങ്ങനെ ആകുമെന്ന് വിചാരിച്ചില്ലെന്നും ചൊറ ഒഴിവാക്കിത്തരണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശമാണ് ഷഹബാസിന്റെ വാട്‌സാപ്പിലേക്ക് അയച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കൂട്ടത്തല്ലില്‍ പരിക്കേറ്റതിന് പൊലീസ് നടപടിയുണ്ടാകില്ലെന്ന അഭിപ്രായമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍, ഷഹബാസിന്റെ നില ഗുരുതരമെന്നു വന്നതോടെ കളി മാറി. ഇതേത്തുടര്‍ന്നാണ് മര്‍ദ്ദിച്ച വിദ്യാര്‍ത്ഥി വാട്‌സ്ആപിലേക്ക് ശബ്ദസന്ദേശം അയച്ചത്.
‘ചൊറക്ക് നിക്കല്ലാ, നിക്കല്ലാന്ന് കൊറേ പറഞ്ഞതല്ലേ മോനേ.. പിന്നെയും പിന്നെയും… മോളില്‍ അയച്ച മെസേജ് നോക്ക്… ഞാന്‍ നിന്നോട് നല്ലോണം അല്ലേ പറഞ്ഞത്. ചൊറ ഒഴിവാക്കി ഒഴിവാക്കി പോകുമ്പോള്‍ പിന്നെയും പിന്നെയും നീ വന്നതാ. അന്നത്തെ പ്രശ്‌നം ഞങ്ങളാരും മനസ്സില്‍ പോലും വിചാരിച്ചില്ല… എന്തേലും ഉണ്ടേല്‍ പൊരുത്തപ്പെട്ട് കൊണ്ടാട്ടോ…’- കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള വാട്‌സാപ്പ് സന്ദേശത്തില്‍ വിദ്യാര്‍ത്ഥി പറയുന്നു. താന്‍ ആരെ തല്ലിയാലും പിന്നെ പൊരേല്‍ വന്നിട്ട് ഒരു സമാധാനം ഉണ്ടാകില്ലെന്നും ഈ വിദ്യാര്‍ത്ഥി സന്ദേശത്തില്‍ പറയുന്നുണ്ട്.

ഇന്‍സ്റ്റഗ്രാം വഴിയോ വാട്‌സാപ്പ് വഴിയോ ഉണ്ടായ സംഭാഷണമാണ് വലിയ പ്രകോപനമായി വിദ്യാര്‍ത്ഥി പറയുന്നത്. മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അത് നീ അനുസരിച്ചില്ലെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരി വ്യാപാരഭവനില്‍ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന വിവിധ സ്‌കൂളുകളില്‍നിന്നുള്ള പത്താംക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിക്കിടെയായിരുന്നു സംഘര്‍ഷത്തിന് തുടക്കം. എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ നൃത്തംചെയ്യുന്നതിനിടെ ഫോണിന്റെ സാങ്കേതികപ്രശ്‌നത്തെത്തുടര്‍ന്ന് പാട്ട് നിലച്ച് നൃത്തം തടസ്സപ്പെട്ടു. ഇതിനെ തുടര്‍ന്ന് രണ്ടു സ്‌കൂളിലെയും ട്യൂഷന്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. അധ്യാപകര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ഇതിന്റെ തുടര്‍ച്ചയായിരുന്നു വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘര്‍ഷം. ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളുമായി എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു. ഈ സംഘര്‍ഷത്തിലാണ് ഷഹബാസിന് പരിക്കേറ്റത്.
ഇതേസമയം, മുഹമ്മദ് ഷഹബാസിന്റെ മരണത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വിശദ അന്വേഷണം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാകും അന്വേഷിക്കുക. ഷഹബാസിന്റെ മരണം ഏറെ ദുഃഖരമാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply