മുംബയ്: ഭക്തര്‍ക്ക് ഡ്രസ് കോഡുമായി മുംബയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രം. കഴിഞ്ഞ ദിവസമാണ് ക്ഷേത്ര ഭാരവാഹികള്‍ ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയത്. അടുത്ത ആഴ്ച മുതല്‍ ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ച് വ്യക്തമായി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മുട്ടിന് മുകളില്‍ നില്‍ക്കുന്ന പാവാടകള്‍ക്ക് വിലക്കുണ്ട്. ശരീരം പൂര്‍ണമായും മറയ്ക്കുന്ന വസ്ത്രമാണ് ധരിക്കേണ്ടതെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഉചിതമല്ലാത്ത വസ്ത്രം ധരിച്ച് വരുന്നവരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.
മാന്യമല്ലാത്ത വസ്ത്രം ധരിച്ച് വരുന്നവര്‍ മറ്റ് ഭക്തജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതിനാലാണ് ഇത്തരമൊരു ഡ്രസ് കോഡ് കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് ട്രസ്റ്റ് അറിയിച്ചു. ചെറിയ പാവാടകള്‍ മാത്രമല്ല കീറിയ ഡിസൈനുള്ള വസ്ത്രങ്ങളും ക്ഷേത്രത്തിനുള്ളില്‍ ധരിക്കുന്നതിന് നിരോധനമുണ്ട്.
‘ദിവസവും രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഭക്തരാണ് സിദ്ധിവിനായക ക്ഷേത്രത്തില്‍ എത്തുന്നത്. എന്നാല്‍ പല ഭക്തരും ഇത്തരം വസ്ത്രം ധരിക്കുന്നതിലൂടെ ക്ഷേത്രത്തോട് അനാദരവ് കാണിക്കുകയാണ്. ആവര്‍ത്തിച്ചുള്ള മറ്റ് ഭക്തരുടെ അഭ്യര്‍ത്ഥനകള്‍ സ്വീകരിച്ച ശേഷമാണ് ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ഇത്തരമൊരു നിബന്ധന നടപ്പിലാക്കാന്‍ തീരുമാനിച്ചത്. എല്ലാ ഭക്തരും ക്ഷേത്രപരിസരത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കണം’,- ട്രസ്റ്റ് അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply