ന്യൂഡല്‍ഹി: ഉദ്ദംപൂര്‍ വ്യോമതാവളത്തിനു നേരെ പാകിസ്താന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സെെനികന് വീരമൃത്യു. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായി സേവനം അനുഷ്ടിച്ചിരുന്ന രാജസ്ഥാന്‍ ജുഝുനു സ്വദേശി സുരേന്ദ്ര സിങ് മോഗ (36) ആണ് വീരമൃത്യു വരിച്ചത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ശനിയാഴ്ച പുലര്‍ച്ചെയാണ് വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തുവെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
14 വര്‍ഷത്തിലേറെയായി സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന സുരേന്ദ്ര സിങ്ങിന് രണ്ട് മാസം മുന്‍പാണ് ഉദ്ദംപൂരിലെത്തിയത്. ഏപ്രില്‍ മാസത്തിലായിരുന്നു അദ്ദേഹം അവസാനമായി സ്വദേശമായ ജുഝുനു സന്ദര്‍ശിച്ചത്. പുതിയ വീടിന്റെ താമസ ചടങ്ങിന് ശേഷം ഏപ്രില്‍ 20 ന് അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചു. ഭാര്യ സീമയും അദ്ദേഹത്തോടൊപ്പം ഉദ്ദംപൂരിലായിരുന്നു താമസിച്ചത്. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് സീമയുടെ മുത്തച്ഛന്‍ മരിച്ചതിന് തുടര്‍ന്ന് അവര്‍ നാട്ടിലേക്ക് പോയിരുന്നു. സുരേന്ദ്ര സിങ്ങിന്റെ മരണവിവരം അറിഞ്ഞ് കുഴഞ്ഞ് വീണ സീമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വര്‍ധിക, ദക്ഷ് എന്നിവര്‍ ഇവരുടെ മക്കളാണ്.
സുരേന്ദ്ര സിംഗിന്റെ മരണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ അനുശോചിച്ചു. ഞായറാഴ്ച വൈകിട്ട് മൃതദേഹം ജന്മസ്ഥലത്ത് എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.