തിരുവനനന്തപുരം: കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെ മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണിയെ കണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എകെ ആന്റണിയെ കണ്ട് പരാതി അറിയിച്ചിരിക്കുകയാണ് കെ സുധാകരന്‍. പ്രസിഡന്റിനെ മാറ്റാനാണ് തീരുമാനമെങ്കിൽ മാറിത്തരാമെന്നും പൊതുചർച്ച ചെയ്ത് തന്നെ അപമാനിക്കുന്നത് ഒഴിവാക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചിലർ മനപൂർവം പ്രചരിപ്പിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. സുധാകരൻ ആന്റണിയെ കണ്ടത് കേന്ദ്ര തീരുമാനത്തെ കൂടി സ്വാധീനിക്കാൻ ആണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് സുധാകരന്‍ ആന്‍റണിയെ കാണാനെത്തിയത്. 

അതേ സമയം തന്നെ പെട്ടെന്ന് മാറ്റാനുള്ള സാഹചര്യം ഉണ്ടാകില്ലെന്നാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കെ സുധാകരന്‍ പറഞ്ഞത്. മൂന്നേമുക്കാൽ വര്‍ഷം താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളിൽ കേന്ദ്ര നേതൃത്വം തൃപ്തരാണെന്ന വാദമാണ് ഇതിന് കാരണമായി കെ സുധാകരൻ ചൂണ്ടിക്കാട്ടിയത്. നിര്‍ണായകമായ ഒരു രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന സമയത്താണ് കെ സുധാകരന്‍  എകെ ആൻറണിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. 

കെപിസിസി അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. മാറ്റം ഉണ്ടെങ്കില്‍ പറയും. തിങ്കളാഴ്ച അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് ആര് പറഞ്ഞു എന്നായിരുന്നു കെ സിയുടെ ചോദ്യം. പാര്‍ട്ടിക്കൊരു സംവിധാനമുണ്ട്. പാര്‍ട്ടി നേതൃത്വം ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ ഇതുവരെ പ്രിയങ്ക ഗാന്ധി ഇടപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസിനെതിരെ ഇപ്പോള്‍ നടക്കുന്ന മാധ്യമ വിചാരണ ശരിയല്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിക്ക് ഒപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.

പാർട്ടിയുടെ സിസ്റ്റത്തിന് അനുസരിച്ച് പാർട്ടി പ്രവർത്തിക്കും. നേതാക്കന്മാർ തമ്മിൽ കാണുമ്പോൾ ചർച്ചകൾ നടക്കും. തീരുമാനമെടുക്കേണ്ട സമയത്ത് വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ പാർട്ടിക്ക് അറിയാം. അധ്യക്ഷ മാറ്റവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയായ ഉറവിടത്തില്‍ നിന്നുള്ളതല്ല. നടന്ന ചർച്ചകളെ പറ്റി അറിയാതെ മാധ്യമങ്ങൾ തന്നെയാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനായി ഇതുവരെ മീറ്റിങ്ങും ഉണ്ടായിട്ടില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply