തൃശ്ശൂര്‍: പൂരം പൊലിമയോടെയും പ്രൗഢിയോടെയും സുരക്ഷിതമായും നടത്താന്‍ സംസ്ഥാനസര്‍ക്കാരും ജില്ലാഭരണകൂടവും തൃശ്ശൂര്‍ കോര്‍പറേഷനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ദേവസ്വംമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും സമയക്രമം നിശ്ചയിച്ച് ആസൂത്രണംചെയ്യും. ചുമതലകള്‍ക്ക് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കും. കഴിഞ്ഞവര്‍ഷം പരിചയസമ്പന്നരല്ലാത്തവരെ നിയമിച്ചുവെന്ന ആരോപണമുണ്ടായിരുന്നു.
പൂരംപ്രദര്‍ശനത്തിന്റെ തറവാടകയുമായി ബന്ധപ്പെട്ട് തത്സ്ഥിതി നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ടെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാന്‍ കൊച്ചി ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പൂരത്തിന് മുന്നോടിയായി നഗരത്തിലെയും പൂരപ്പറമ്പിലെയും തന്ത്രപ്രധാനമായ സ്ഥലങ്ങളിലെല്ലാം സിസിടിവി കാമറകള്‍ സ്ഥാപിക്കും. പൂരപ്പറമ്പിനടുത്തും ചുറ്റിലുമായുള്ള കെട്ടിടങ്ങളുടെ ഫിറ്റ്നസ് നേരത്തേ പരിശോധിക്കും. രാത്രിപൂരത്തിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും കുറവു വരുത്താത്ത രീതിയില്‍ സംവിധാനം ഒരുക്കും. സുരക്ഷ മുന്‍നിര്‍ത്തി വെടിക്കെട്ടിനു മുന്നോടിയായി ആളുകളെ നിയന്ത്രിക്കുന്നതിനാണ് മുന്‍ഗണനയെന്നും മന്ത്രി രാജന്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി ആര്‍. ബിന്ദു, മേയര്‍ എം.കെ. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ, തൃശ്ശൂര്‍ റേഞ്ച് ഡിഐജി. ഹരിശങ്കര്‍, ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
തൃശ്ശൂര്‍പൂരം വെടിക്കെട്ട് സംബന്ധിച്ച ആശങ്ക തീര്‍ക്കാന്‍ ഈ മാസമവസാനം പ്രത്യേകയോഗം വിളിക്കും. തൃശ്ശൂര്‍ കളക്ടറേറ്റില്‍ ദേവസ്വംമന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം.
വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നുള്ള അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് അവസരം തരണമെന്ന് യോഗത്തില്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടു. പൂരം വെട്ടിക്കെട്ടാണ് പ്രധാന ആശങ്കയെന്ന് മന്ത്രി കെ. രാജനും പറഞ്ഞു. പെസോ നിയമങ്ങളില്‍ ഇളവൊന്നും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ സുരക്ഷിതമായി വെടിക്കെട്ട് നടത്താമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പെസോയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ഈ മാസമവസാനം പ്രത്യേക കൂടിക്കാഴ്ച നടത്താന്‍ തീരുമാനമായത്. യോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപിയും പങ്കെടുത്തിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.