മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കരുവാരക്കുണ്ട് സ്വദേശി ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ പരാതിയിലാണ് കരുവാരക്കുണ്ട് പൊലീസ് ജെറിനെതിരെ നടപടിയെടുത്തത്.
മലപ്പുറം കരുവാരകുണ്ട് മണിക്കനാംപറമ്പില്‍ ജെറിനാണ് ആര്‍ത്തല എസ്റ്റേറ്റിന് സമീപം താന്‍ കണ്ട കടുവയുടേത് എന്ന പേരില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. നിലമ്പൂര്‍ സൗത്ത് ഡി.എഫ് ധനിക് ലാലിന്റെ നേതൃത്വത്തില്‍ ജെറിനെ ചോദ്യം ചെയ്തു. പഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിന്‍ സമ്മതിച്ചു. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും ഭീതിയിലാക്കിയതിലും ജെറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആര്‍ത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബര്‍ത്തോട്ടത്തില്‍ വഴിയോടു ചേര്‍ന്നാണ് കടുവയെ കണ്ടതെന്നും ജെറിന്‍ അവകാശപ്പെട്ടിരുന്നു.സുഹൃത്തിന്റെ കൂടെ ജീപ്പില്‍ മലയിലേക്കു പോകുമ്പോഴായിരുന്നു സംഭവമെന്നും വന്യമൃഗ ശല്യമുള്ളതിനാല്‍ ജീപ്പിന്റെ ചില്ലുകളെല്ലാം കവര്‍ ചെയ്തായിരുന്നു യാത്രയെന്നും യുവാവ് പറഞ്ഞിരുന്നു. കടുവ ആക്രമിക്കുന്നില്ലെന്ന് കണ്ടതോടെ വാഹനം നിര്‍ത്തി ജീപ്പിന്റെ ഗ്ലാസ് തുറന്ന് ഇവര്‍ കടുവയുടെ ദൃശ്യം പകര്‍ത്തുകയായിരുന്നുവെന്നുമാണ് ജെറിന്‍ പറഞ്ഞത്. കടുവയെ കണ്ട സ്ഥലത്ത് ആളുകളൊന്നും താമസിക്കുന്നില്ല. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണില്‍ സൂം ചെയ്താണ് വീഡിയോ പകര്‍ത്തിയതെന്നും ജെറിന്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ജെറിന്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് വനംവകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. മൂന്നു വര്‍ഷം മുമ്പ് യൂട്യൂബില്‍ വന്ന വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച ജെറിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ട് ഇത് സംബന്ധിച്ച് ചോദിച്ചു. വാര്‍ത്ത പ്രചരിച്ചതോടെ വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്താനായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിലും കടുവയുടെ ദൃശ്യങ്ങള്‍ കണ്ടെത്താനായിരുന്നില്ല. ഇതോടെ കടുവയെ കണ്ടെന്നും വീഡിയോ പകര്‍ത്തിയെന്നും പറഞ്ഞ ജെറിനില്‍ നിന്നും വനംവകുപ്പ് വിവരംശേഖരിച്ചു. തുടര്‍ന്നാണ് വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ജെറിന്‍ സമ്മതിച്ചത്. ആദ്യം വാച്ചര്‍മാരടക്കം ചോദിച്ചപ്പോള്‍ ജെറിന്‍ നിലപാടില്‍ ഉറച്ചുനിന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തി ചോദിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply