കാളികാവ്: റബ്ബര്‍ ടാപ്പിങ്ങിന് പോയ യുവാവിനെ കടുവ കടിച്ചുകൊന്ന സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹം മാറ്റാന്‍ അനുവദിക്കാതെയും സ്ഥലത്തെത്തിയ ഡിഎഫ്ഒയെ തടഞ്ഞുവെച്ചും നാട്ടുകാര്‍ പ്രതിഷേധിച്ചു. നാലരമണിക്കൂറോളമാണ് നാട്ടുകാർ പ്രതിഷേധിച്ചത്. കടുവയെ വെടിവെച്ചുകൊല്ലണമെന്നും നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

സ്ഥലം എംഎല്‍എ എ.പി. അനില്‍കുമാര്‍, ഡിഎഫ്ഒ ധനിത് ലാൽ, ഡിവൈഎസ്പി സാജു.കെ അബ്രഹാം എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ഡിഎഫ്ഒ യെ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചു. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ പോകാനനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. അതോടെ പോലീസും നാട്ടുകാരും ഉന്തും തള്ളുമായി. പിന്നീട് മൃതദേഹം ആംബുലൻസിലേക്ക് മാറ്റി.

പ്രദേശത്ത് ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും ഗൗരവതരമായ ഇടപെടല്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. മരിച്ച ​ഗഫൂറിന്റെ കുടുംബാം​ഗത്തിന് താത്കാലിക ജോലി നൽകാനും ധാരണയായിട്ടുണ്ട്.

അതേസമയം കടുവയെ മയക്കുവെടിവെക്കാനായി ഒരു സംഘം തോട്ടത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് ക്യാമറയും കൂടും സ്ഥാപിക്കും. കുങ്കിയാനകളെ ഉൾപ്പെടെ എത്തിച്ച് വിശദമായ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് റബ്ബർ ടാപ്പിങ്ങിന് പോയ ​ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂറിനെ കടുവ ആക്രമിക്കുന്നത്.കാളികാവ് അടയ്ക്കാക്കുണ്ടിൽ റാവുത്തൻകാവ് ഭാഗത്ത് സ്ലോട്ടർ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം. കടുവ കടിച്ച് വലിച്ചിഴയ്ക്കുന്നത് കണ്ടുവെന്നാണ് കൂടെ ഉണ്ടായിരുന്ന ആൾ പറഞ്ഞത്. മുണ്ട് അഴിഞ്ഞു പോയ നിലയിൽ ഏതാണ്ട് നഗ്നമായ നിലയിലായിരുന്നു മൃതദേഹം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply