തൃശൂര്‍: ശക്തന്‍റെ തട്ടകത്തിൽ ആവേശപ്പൂരം. ജനസാഗരത്തെ ആവേശത്തിലാഴ്ത്തി ഇലഞ്ഞിത്തറ മേളം. ചെണ്ടയും ഇലത്താളവും കൊമ്പും കുഴലുമെല്ലാം ചേര്‍ന്നുള്ള താളമേള വിസ്മയത്തിൽ ജനസാഗരം അലിഞ്ഞു. വടക്കുന്നാഥ സന്നിധിയിൽ ഇലഞ്ഞിത്തറ മേളം പൂര്‍ത്തിയായതോടെ കുടമാറ്റത്തിനുള്ള ഒരുക്കമാണിപ്പോള്‍.വൈകിട്ട് അഞ്ചരയോടെയാണ് എല്ലാവരും ആകാംക്ഷയാടെ കാത്തിരിക്കുന്ന കുടമാറ്റം ആരംഭിക്കുക. ഇലഞ്ഞിത്തറ മേളം കഴിഞ്ഞതോടെ കുടമാറ്റത്തിന് മുന്നോടിയായുള്ള തെക്കോട്ടിറക്കമാണിപ്പോള്‍ നടക്കുന്നത്. തെക്കേ ഗോപുര നടയ്ക്ക് മുമ്പിലായാണ് കുടമാറ്റം നടക്കുന്നത്. 

ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലാണ് ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറിയത്. തൃശൂര്‍ തേക്കിൻകാട് മൈതാനവും വടക്കുന്നാഥ സന്നിധിയും സ്വരാജ് റൗണ്ടുമെല്ലാം ജനസാഗരമാണ്. വൈകിട്ട് കുടുമാറ്റം കൂടി ആരംഭിക്കുന്നതോടെ ജനത്തിരക്ക് ഇനിയും ഏറും. കുടമാറ്റം നടക്കുന്ന സ്വരാജ് റൗണ്ടിന്‍റെ ഭാഗത്തും തേക്കിൻകാട് മൈതാനത്തുമെല്ലാം പൂരപ്രേമികളാൽ നിറഞ്ഞു കഴിഞ്ഞു.

കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകൾക്ക് തുടക്കമായത്. രാവിലെ ഏഴരയോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളപ്പ് ആരംഭിച്ചു. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുന്നാഥ സന്നിധിയിൽ എത്തിയതോടെ പൂരപ്രേമികൾക്ക് ആവേശമായി. പിന്നാലെ വിവിധ ഘടക പൂരങ്ങളും എത്തി.

തിരുവമ്പാടിയുടെ എഴുന്നള്ളത്ത് തെക്കേ മഠത്തിന് മുന്നിലെത്തിയതോടെ പ്രശസ്തമായ മഠത്തിൽ വരവ് പഞ്ചവാദ്യം തുടങ്ങി. കോങ്ങാട് മധുവായിരുന്നു മേള പ്രാമാണികൻ. പന്ത്രണ്ടരയോടെ ചെമ്പട കൊട്ടി പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെട്ടു. വൈകീട്ട് അ‍ഞ്ചരയ്ക്ക് തേക്കെ നടയിലാണ് വര്‍ണകാഴ്ചകളൊരുക്കിയുള്ള കുടമാറ്റം നടക്കുക. നാളെ പുലര്‍ച്ചെ മൂന്നുമണിക്കാണ് വെടിക്കെട്ട് നടക്കുക.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply