മണ്ണാര്‍ക്കാട്: കടുവയെ വെടിവെച്ചുകൊന്ന് ഇറച്ചിയും നഖങ്ങളും ശേഖരിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടുപേര്‍ വനംവകുപ്പിനുമുന്നില്‍ കീഴടങ്ങി. പാലക്കയം അച്ചിലട്ടി സ്വദേശികളായ ആനക്കാട്ടുവയലില്‍ അജീഷ് (42), തേക്കിന്‍കാട്ടില്‍ ജോണി (48) എന്നിവരാണ് മണ്ണാര്‍ക്കാട് ഡിഎഫ്ഒ സി. അബ്ദുള്‍ ലത്തീഫിന് മുമ്പാകെ കീഴടങ്ങിയത്. തുടര്‍ന്ന്, അറസ്റ്റുചെയ്യുകയായിരുന്നു.
ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസിലുള്‍പ്പെട്ട പ്രതികളുടെ എണ്ണം എട്ടായി. കേസിലെ മറ്റുപ്രതികള്‍ക്കായി മണ്ണാര്‍ക്കാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം ഊര്‍ജിതമാക്കി.
ശിരുവാണി വനത്തില്‍നിന്നാണ് കടുവയെ വെടിവെച്ചുകൊന്നതെന്നാണ് വനംവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പ്രതികളുമൊത്ത് ശനിയാഴ്ച ശിരുവാണി വനത്തില്‍ തെളിവെടുപ്പ് നടത്തി. കടുവയുടെ അസ്ഥികള്‍ കണ്ടെത്തിയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍. സുബൈര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. മനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്. ലക്ഷ്മീദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. രമേഷ്, എ. വിനോദ്കുമാര്‍, വി. അശ്വതി, വി.ആര്‍. രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply