ലണ്ടൻ: ജീവശാസ്ത്രപരമായി സ്ത്രീയായി ജനിച്ചവർ മാത്രമേ ‘സ്ത്രീ’യെന്ന നിർവചനത്തിൽപ്പെടൂവെന്ന് യുകെ സുപ്രീംകോടതി. സ്ത്രീ എന്നതിന്റെ നിയമപരമായ നിർവചനം ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജസ്റ്റിസ് പാട്രിക് ഹോഡ്‌ജ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബുധനാഴ്ച ഏകകണ്ഠമായി വിധിച്ചു. ഇതാണ് 2010-ലെ യുകെ ‘ലിംഗസമത്വനിയമം’ (ഇഎ) അനുശാസിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ഇഎ പ്രകാരം ട്രാൻസ്ജെൻഡറുകൾക്ക് വിവേചനത്തിൽനിന്ന് സംരക്ഷണം ലഭിക്കുമെന്ന് കോടതി പറഞ്ഞു. സ്കോട്ടിഷ് സർക്കാരും ‘ഫോർ വിെമൻ സ്കോട്ട്‌ലൻഡ്’ (എഫ്ഡബ്ല്യുഎസ്) എന്ന സ്ത്രീ അവകാശസംഘടനയും തമ്മിൽ‍ വർഷങ്ങളായുള്ള നിയമപോരാട്ടത്തിന്റെ പരിസമാപ്തിയാണ് വിധി.

ലിംഗമാറ്റത്തിലൂടെ സ്ത്രീയായി എന്നത് അംഗീകരിച്ചുള്ള സർട്ടിഫിക്കറ്റുകൾ (ജിആർസി) ലഭിച്ച രാജ്യത്തെ ട്രാൻസ്ജെൻഡറുകളെ സ്ത്രീയായി പരിഗണിക്കാനാവില്ലെന്ന് വിധി വ്യക്തമാക്കുന്നു. ട്രംപിന്റെ ഭരണത്തിൽ യുഎസിൽ ട്രാൻസ്ജെൻഡറുകൾ അടിച്ചമർത്തൽ നേരിടുമ്പോഴാണിത്. ട്രാൻസ് വിഷയത്തിൽ മൗനംപാലിക്കുന്ന പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുടെ ലേബർ സർക്കാരിനുമേൽ വിധി കൂടുതൽ സമ്മർദമുണ്ടാക്കിയേക്കും.

കേസിങ്ങനെ

ഫോർ വിമെൻ സ്കോട്ട്‌ലൻഡ് v/s സ്റ്റേറ്റ് ഓഫ് സ്കോട്ട്‌ലൻഡ്

ലിംഗസമത്വനിയമത്തിന്റെ (ഇഎ) വ്യാഖ്യാനങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു നിയമപോരാട്ടത്തിന്റെ കാതൽ. സ്കോട്ട്‌ലൻഡിലെ പൊതുസ്ഥാപനങ്ങളുടെ ബോർഡുകളിൽ 50 ശതമാനം വനിതാപ്രാതിനിധ്യം ഉണ്ടായിരിക്കണമെന്ന 2018-ൽ സ്കോട്ടിഷ് പാർലമെന്റ് പാസാക്കിയ നിയമത്തെ ചോദ്യംചെയ്താണ് ‘ഫോർ വിമെൻ സ്കോട്ട്‌ലൻഡ്’ കേസ് നൽകിയത്. ആ നിയമം ട്രാൻസ് സ്ത്രീകളെയും സ്ത്രീകളായാണ് കണക്കാക്കുന്നത്. സ്കോട്ടിഷ് സർക്കാരിന്റെ നിയമത്തിൽ വ്യക്തതയില്ലെന്നുപറഞ്ഞ് നൽകിയ കേസ് കീഴ്‌ക്കോടതികളിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.

സ്കോട്ട്‌ലൻഡിന്റെ ഇഎ നിയമപ്രകാരം ജെൻഡർ റെക്കഗ്‌നിഷൻ സർട്ടിഫിക്കറ്റ് (ജിആർസി) കൈവശമുള്ള ട്രാൻസ് സ്ത്രീകൾക്ക് ജനനംകൊണ്ട് സ്ത്രീയായ ഒരാൾക്ക് കിട്ടുന്ന അതേ പരിരക്ഷകിട്ടുമെന്ന് സ്കോട്ടിഷ് സർക്കാർ വാദിച്ചു.

സ്കോട്ടിഷ് സർക്കാരിന്റെ വ്യാഖ്യാനം ശരിയല്ലെന്നും ജിആർസി സർട്ടിഫിക്കറ്റുകൾ അവതരിപ്പിച്ച 2004-ലെ ജെൻഡർ റെക്കഗ്‌നിഷൻ നിയമവുമായി ഇഎ നിയമം പൊരുത്തപ്പെടുന്നില്ലെന്നും സുപ്രീംകോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

വസ്ത്രംമാറുന്ന മുറികൾ, ഹോസ്റ്റലുകൾ, മെഡിക്കൽ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഏകലിംഗ ഇടങ്ങളും സേവനങ്ങളും ലൈംഗികതയെ ജീവശാസ്ത്രപരമായ ലൈംഗികതയായി വ്യാഖ്യാനിച്ചാൽമാത്രമേ ശരിയാകൂവെന്ന് കോടതി പറഞ്ഞു. ഇത് ട്രാൻസ്ജെൻഡർ സ്ത്രീകൾക്ക് ഏകലിംഗ ഇടങ്ങളിൽ പ്രവേശിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കിയേക്കും.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply