കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇടപെടാനുള്ള നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്ഐഒ) കുറ്റപത്രം ഇഡിയ്ക്ക് കൈമാറാന്‍ ധാരണയായി. കുറ്റപത്രത്തിന്റെ പകര്‍പ്പ് വേണമെന്ന് എറണാകുളം സെഷന്‍സ് കോടതിയില്‍ ഇഡി അപേക്ഷ നല്‍കിയിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
കേസിലെ രേഖകള്‍ തേടി എസ്എഫ്ഐഒയ്ക്ക് കത്തയച്ചതായി മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്എഫ്ഐഒ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്. അതിനാല്‍ രേഖകള്‍ പരിശോധിച്ചശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന് പറഞ്ഞു.
ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിലും ഇതിനുശേഷം നടന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ തീര്‍പ്പിലും 1.72 കോടിരൂപ വീണയും കമ്പനിയും സേവനം നല്‍കാതെ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. വീണയ്ക്കും കമ്പനിക്കും രാഷ്ട്രീയനേതാക്കള്‍ക്കുമെല്ലാം ഇത്തരത്തില്‍ പണം നല്‍കിയതടക്കം, സ്വകാര്യ കരിമണല്‍ക്കമ്പനിയായ സിഎംആര്‍എല്‍ 197.7 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
തട്ടിപ്പുനടത്തിയെന്ന് എസ്എഫ്ഐഒ കണ്ടെത്തിയ നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെയും ഡയറക്ടര്‍മാര്‍ ശശിധരന് കര്‍ത്തയുടെ കുടുംബാംഗങ്ങളാണ്.
2024 ജനുവരിയിലാണ് കമ്പനികാര്യം അന്വേഷിക്കുന്ന ഏറ്റവും വലിയ ഏജന്‍സിയായ എസ്എഫ്ഐഒ ഇതിന്റെ അന്വേഷണം ഏറ്റെടുത്തത്. സിഎംആര്‍എല്‍ സിജിഎം പി. സുരേഷ് കുമാര്‍, ചീഫ് ഫിനാന്‍സ് മാനേജര്‍ കെ. സുരേഷ് കുമാര്‍, ഓഡിറ്റര്‍മാരായ കെ.എ. സഗേഷ് കുമാര്‍, എ.കെ. മുരളീകൃഷ്ണന് എന്നിവരാണ് കുറ്റാരോപിതരായ മറ്റുള്ളവര്‍. എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരും കുറ്റപത്രത്തിലുണ്ട്.
കമ്പനികാര്യനിയമത്തിലെ 447-ാം വകുപ്പനുസരിച്ചുള്ള കുറ്റമാണ് വീണയുടെപേരില്‍ ചുമത്തിയിട്ടുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സരന്‍ എസ്. കര്‍ത്ത എന്നിവരുടെപേരിലും വീണയുടെയും കര്‍ത്തയുടെയും കമ്പനികള്‍ക്കെതിരേയും ഇതേകുറ്റം ചുമത്തിയിട്ടുണ്ട്. പത്തുവര്‍ഷംവരെ തടവും തട്ടിപ്പിലൂടെ നേടിയ പണത്തിന് തുല്യമോ അതിന്റെ മൂന്നിരട്ടിവരെയോ പിഴയും ചുമത്താവുന്ന കുറ്റമാണ് വീണയുടെയും കര്‍ത്തയുടെയും പേരിലുള്ളത്. കൊച്ചിയിലെ സാമ്പത്തികകാര്യം കൈകാര്യംചെയ്യുന്ന കോടതിയിലായിരിക്കും വിചാരണ.
Discover more from MALAYALAM
Subscribe to get the latest posts sent to your email.