തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് റഹിം നാട്ടിലെത്തി. രാവിലെ 7.55-ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് റഹീം എത്തിയത്.
വ്യാഴാഴ്ച 12.15-നായിരുന്നു ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. റിയാദില്‍ ഒരു കടനടത്തുകയായിരുന്നു റഹീം. കടക്കെണിയിലായതോടെയാണ് ദമ്മാമിലേക്ക് മാറിയത്. തുടര്‍ന്ന് യാത്രാവിലക്കുണ്ടായിരുന്നു.
നാട്ടിലെത്തിയ റഹീം ഡി.കെ. മുരളി എം.എല്‍.എ.യുടെ ഓഫീസിലേക്കാണ് ആദ്യം ചെന്നത്. തുടര്‍ന്ന് പള്ളിയിലേക്ക്. മരിച്ചവരുടെ ഖബറിടങ്ങളിലെത്തിയ ശേഷം പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണുകയാണ് ആദ്യപരിപാടി.
അഫാന്‍ ആദ്യ കുട്ടിയായത് കൊണ്ട് കൂടുതല്‍ വാത്സല്യം നല്‍കിയിരുന്നുവെന്ന് റഹീം പറയുന്നു. അവനെ ഉള്‍പ്പെടെയാണ് സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടു വന്നത്. 10 മാസത്തോളം റിയാദില്‍ ഒപ്പമുണ്ടായിരുന്നു. കാറ്ററിംഗിനും മറ്റും പോയി അവന്‍ സ്വന്തമായി പണം സമ്പാദിച്ചിരുന്നു. അത് അവന്റെ കാര്യങ്ങള്‍ക്കെടുക്കും. അടുത്ത ദിവസങ്ങളിലൊന്നും അവനെ ഫോണില്‍ കിട്ടിയിരുന്നില്ല. ഇടക്കൊക്കെ കാശിന്‌വേണ്ടി ഭാര്യയുടെ അടുത്ത് വഴക്കിടാറുണ്ട്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ഓ അവന് ഭ്രാന്താ’ എന്ന ഒഴുക്കന്‍ മറുപടിയാണ് ഭാര്യ പറഞ്ഞതെന്ന് റഹീം കൂട്ടിച്ചേര്‍ത്തു.
ഇളയ മകന്റെ മരണമാണ് ഏറെ സങ്കടകരം. അവന്റെ ഫോട്ടോ നോക്കിയിരുന്ന് വിതുമ്പുന്ന കാഴ്ച കാണാന്‍ കഴിയുന്നതല്ലെന്ന് ഇദ്ദേഹത്തെ ഒപ്പം കൂട്ടിയ നാസ് വക്കം പറഞ്ഞു. അവന് ഇഷ്ടമുള്ള മന്തി വാങ്ങികൊടുത്തിട്ടാണ് കൊന്നത്. അവനെ വെറുതേ വിടാമായിരുന്നില്ലേ എന്ന് ദമ്മാമില്‍ വെച്ച് റഹീം വിതുമ്പലോടെ ചോദിച്ചുകൊണ്ടിരുന്നുവെന്ന് അടുപ്പക്കാര്‍ പറയുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.