ഇന്ത്യയിൽ സ്ത്രീധനം നിയമം മൂലം നിരോധിച്ചിരിക്കുകയാണ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും എല്ലാം നിയമ വിരുദ്ധമാണ് എന്ന് അർത്ഥം. എന്നാൽ, ഇന്ത്യയിൽ ഒളിഞ്ഞും തെളിഞ്ഞും ഈ സ്ത്രീധന സമ്പ്രദായം നിലനിൽക്കുന്നുണ്ട്. അത് സ്വർണമായും സ്ഥലമായും വാഹനങ്ങളായും മറ്റ് സമ്മാനങ്ങളുമായും ഒക്കെ ഭർത്താവിന്റെ അടുത്ത് എത്താറുമുണ്ട്. എങ്കിലും, പലരും പറയുന്നത് അത് മക്കൾക്കുള്ള തങ്ങളുടെ സമ്മാനമാണ് എന്നാണ്.
എന്തായാലും, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായതിന് പിന്നാലെ. ഒരു ചെറിയ ആൺകുട്ടിയാണ് വീഡിയോയിൽ ഉള്ളത്. തന്റെ സഹോദരിക്ക് വിവാഹത്തിന്റെ തിലക് ചടങ്ങിന്റെ ഭാഗമായി നൽകാൻ തയ്യാറാക്കിയിരിക്കുന്ന സമ്മാനങ്ങളാണ് കുട്ടി വീഡിയോയിൽ കാണിക്കുന്നത്. ലക്ഷങ്ങൾ വില മതിക്കുന്ന സമ്മാനങ്ങളാണ് ഇവിടെ തയ്യാറാക്കി വച്ചിരിക്കുന്നത് എന്നും വീഡിയോയിൽ കാണാം.
അതിൽ എസി മുതൽ റെഫ്രിജറേറ്റർ വരെ എല്ലാം ഉണ്ട്. @manusinghvlogs1999 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിഹാറിൽ നിന്നുള്ളതാണ് പ്രസ്തുത വീഡിയോ. വീഡിയോയിൽ കുട്ടി ഇതെല്ലാം തന്റെ സഹോദരിയുടെ തിലക് ചടങ്ങിനുള്ളതാണ് എന്ന് പറയുന്നത് കേൾക്കാം.
വീഡിയോയിൽ, എയർ കണ്ടീഷണർ, ഫ്രിഡ്ജ് തുടങ്ങി പല ഉപകരണങ്ങളും കാണാം. ഓരോ ഇനവും കുട്ടി വിശദീകരിച്ച് പറയുന്നുണ്ട്. എല്ലാം നല്ല ബ്രാൻഡ് സാധനങ്ങളുമാണ്. ഇത് കൂടാതെ സോഫകൾ, കസേരകൾ, കിടക്കകൾ തുടങ്ങിയ നിരവധി അവശ്യവസ്തുക്കളും ഇക്കൂട്ടത്തിൽ കാണാം. ചിലത് എന്തൊക്കെയാണ് എന്ന് കുട്ടിക്ക് പറയാൻ അറിയുന്നില്ല. എന്തായാലും ഇതിനെല്ലാം കൂടി ലക്ഷങ്ങൾ വില വരും എന്ന കാര്യത്തിൽ സംശയമില്ല.
വീഡിയോ വൈറലായി മാറിയതിന് പിന്നാലെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇത് പെൺകുട്ടിയുടെ കുടുംബത്തിന് ഉണ്ടാക്കിയിരിക്കാമായിരുന്ന സാമ്പത്തിക ബാധ്യതകളെ കുറിച്ചാണ് പലരും സൂചിപ്പിച്ചത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.