ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ വഖഫ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. ബിഹാറില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് ആണ് ബില്ലിനെതിരെ പരമോന്നത കോടതിയെ സമീപിച്ചത്. ലോക്സഭയിലെ കോണ്‍ഗ്രസ് വിപ്പാണ് മുഹമ്മദ് ജാവേദ്. ബില്ലിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന ഹര്‍ജി, ഭേദഗതികള്‍ വിവേചനപരമാണെന്ന് വാദിക്കുന്നു. ബില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. ഇതേ വിഷയം ഉന്നയിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
പാര്‍ലമെന്റ് പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അനുമതി കാത്തിരിക്കവെയാണ് കോണ്‍ഗ്രസ് എംപി കോടതിയെ സമീപിച്ചിരിക്കുന്നത്. ബില്‍ പരിഗണിച്ച ജെപിസി അംഗമായിരുന്നു മുഹമ്മദ് ജാവേദ്. ഇതരസമുദായങ്ങളുടെ മതപരമായ സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ബില്ലിനെ ഭേദഗതികള്‍ വഖഫ് സ്ഥാപനങ്ങള്‍ക്കുമേല്‍ ഭരണകൂടത്തിന്റെ നിയന്ത്രണം ആനുപാതികമല്ലാതെ വര്‍ധിപ്പിക്കുന്നതാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഭേദഗതികള്‍ ഭരണഘടനയുടെ 14, 25, 26, 29, 300 എ വകുപ്പുകളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
വഖഫ് ബോര്‍ഡിലും കൗണ്‍സിലുകളിലും അമുസ്ലിങ്ങളെ ഉള്‍പ്പെടുത്താനുള്ള ഭേദഗതിയേയും ഹര്‍ജി ചോദ്യംചെയ്യുന്നു. നീക്കം മുസ്ലീം സമൂഹത്തിന്റെ മതപരമായ കാര്യങ്ങളില്‍ അനാവശ്യമായ ഇടപെടലിന് തുല്യമാണെന്നാണ് ഹര്‍ജിയിലെ പരാമര്‍ശം. ഹിന്ദു മതസ്ഥാപനങ്ങളിലടക്കം ഇതരസമുദായത്തെ അനുവദിക്കാറില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കൂടുതല്‍ പാര്‍ട്ടികള്‍ ബില്ലിനെതിരെ കോടതിയെ സമീപിക്കുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ മുഹമ്മദ് ജാവേദ് പറഞ്ഞു. പാര്‍ലമെന്റില്‍ എല്ലാവരും ബില്ലിനെ എതിര്‍ത്തു. ഭരണഘടനാവിരുദ്ധമാണെന്ന് വ്യക്തമാക്കി. സഭയില്‍ അംഗങ്ങള്‍ ഉണ്ടെന്ന് കരുതി, നിങ്ങള്‍ക്ക് ആവശ്യമുള്ള നിയമവിരുദ്ധമായതെന്തും പാസ്സാക്കാമോയെന്ന് അദ്ദേഹം ചോദിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.