വിവാഹാഘോഷങ്ങൾ പലതരത്തിൽ വ്യത്യസ്തമാക്കുന്നവരുണ്ട്. ചിലർ ആഡംബര പൂർണമായി ആഘോഷങ്ങൾ നടത്തുമ്പോൾ മറ്റ് ചിലർ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ വിവാഹാഘോഷങ്ങൾ നടത്തും. അത്തരത്തിൽ ചൈനീസ് ദമ്പതികൾ നടത്തിയ ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി വിവാഹാഘോഷമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ചടങ്ങിൽ പങ്കെടുത്ത 140 അതിഥികൾക്ക് ഇവർ വിരുന്നൊരുക്കിയത് ഒരു റസ്റ്റോറന്‍റിലാണ്. ഓഡിറ്റോറിയമോ ഇവന്‍റ് മാനേജ്മെന്‍റ് ടീമോ ഒന്നുമില്ലാതെ നടത്തിയ  ഇവരുടെ വിവാഹ ആഘോഷത്തിന് ആകെ ചിലവായത് ഏകദേശം 3,000 യുഎസ് ഡോളറാണ്. അതായത് ഏകദേശം 2.5 7 ലക്ഷം രൂപ. മറ്റൊരു കൗതുകകരമായ കാര്യം കൂടിയുണ്ട്, അതിഥികൾ ഭക്ഷണം കഴിച്ച വകയിൽ റസ്റ്റോറന്‍റിൽ നിന്നും ഇവർക്ക് ലഭിച്ച ബില്ലിന്‍റെ നീളം എത്രയാണെന്ന് അറിയണ്ടേ? രണ്ട് മീറ്റർ.

തീർത്തും അപ്രതീക്ഷിതമായാണ് ഈ ദമ്പതികൾ തങ്ങളുടെ വിവാഹം റസ്റ്റോറന്‍റിൽ നടത്താൻ തീരുമാനിച്ചത്. വിവാഹത്തിനായി മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഓഡിറ്റോറിയം അവസാന നിമിഷത്തിൽ റദ്ദായി പോയതാണ് ഇത്തരത്തിലൊരു മാർഗ്ഗം തേടാൻ ഇവരെ പ്രേരിപ്പിച്ചതെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. പ്രശസ്തമായ ചൈനീസ് ഹോട്ട്‌പോട്ട് റെസ്റ്റോറന്‍റ് ശൃംഖലയായ ഹൈദിലാവോയിലാണ് വിരുന്ന് സൽക്കാരം നടന്നത്. താനും ഭർത്താവും ഹൈദിലാവോയുടെ വലിയ ആരാധകരാണെന്നും ചിലപ്പോൾ തങ്ങളുടെ വിവാഹം ഹൈദിലാവോയിലാകും നടക്കുകയെന്ന് ഒരിക്കൽ തമാശ പറഞ്ഞത് ഇപ്പോൾ യാഥാർത്ഥ്യമായെന്നും 26 കാരിയായ വധു ഷാവോ പങ്കുവെച്ചു. 

റസ്റ്റോറന്റുമായി ബന്ധപ്പെട്ടപ്പോൾ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും തങ്ങളാൽ കഴിയും വിധം അവർ വിരുന്നു സൽക്കാരത്തിനായി റസ്റ്റോറന്‍റ് അലങ്കരിച്ചുവെന്നും ഷാവോ കൂട്ടിച്ചേർത്തു. വിവാഹത്തിന് പരമ്പരാഗതമായ ചടങ്ങുകൾ ഒന്നുമില്ലായിരുന്നുവെന്നും വേണ്ടപ്പെട്ടവരോടൊപ്പമുള്ള സന്തോഷകരമായ ഒരു കൂടിച്ചേരൽ മാത്രമായാണ് ആഘോഷങ്ങൾ നടത്തിയതെന്നും ദമ്പതികൾ പറഞ്ഞു. കൂടാതെ അതിഥികളിൽ നിന്നും പണമോ സമ്മാനങ്ങളും സ്വീകരിച്ചില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. ചൈനയിലെ  ജിയാങ്‌സു, ഷെജിയാങ് തുടങ്ങിയ സമ്പന്ന പ്രവിശ്യകളിലെ വിവാഹ ചെലവുകൾ സാധാരണക്കാർക്ക് താങ്ങാൻ ആവുന്നതല്ല. ഓരോ വിരുന്ന് മേശകൾക്ക് പോലും 700 ഡോളറിൽ അധികമാകുമെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വിവാഹങ്ങൾ ബജറ്റ് ഫ്രണ്ട്‌ലി ആകണമെന്ന അഭിപ്രായം ചൈനയിലെ യുവാക്കൾക്കിടയിൽ നിന്ന് ഇപ്പോൾ വ്യാപകമായി ഉയരുന്നുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply