ബെംഗളൂരു: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. നാഥ് പൈ സര്‍ക്കിളില്‍ താമസിക്കുന്ന ഐശ്വര്യ മഹേഷ് ലോഹര്‍ (20) എന്ന യുവതിയെയാണ് ബെലഗാവി യെല്ലൂര്‍ സ്വദേശിയായ പ്രശാന്ത് കുണ്ടേഗര്‍ (29) കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുവെച്ച് തന്നെ ഇയാള്‍ സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു.
ഒരു വര്‍ഷത്തോളമായി ഐശ്വര്യയും പ്രശാന്തും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍, വിവാഹാഭ്യര്‍ഥനയുമായി പ്രശാന്ത്, ഐശ്വര്യയുടെ മാതാവിനെ സമീപിച്ചെങ്കില്‍ അവര്‍ നിരസിക്കുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ പ്രശാന്തിന് സാമ്പത്തിക ഭദ്രതയില്ലെന്ന കാരണത്താലാണ് വിവാഹാഭ്യര്‍ഥന നിരസിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പിന്നീട് ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു ഐശ്വര്യയെ കാണാനായി പ്രശാന്ത് അവിടെ എത്തുകയും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ആവശ്യം നിരസിച്ചതോടെ പ്രശാന്തിന്റെ കൈവശം കരുതിയിരുന്ന വിഷം ബലമായി ഐശ്വര്യയെ കഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് നടക്കാതെ വന്നതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഐശ്വര്യയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഐശ്വര്യയുടെ മരണം ഉറപ്പാക്കിയതിന് പിന്നാലെ ഇതേ കത്തി ഉപയോഗിച്ച് പ്രശാന്ത് സ്വന്തം കഴുത്തും മുറിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയും ചെയ്തുവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ യാദ മാര്‍ട്ടിന്‍ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സംഭവ സ്ഥലത്തെത്തി തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply