നെടുമങ്ങാട്: സഹപാഠികള്‍ ആള്‍ക്കൂട്ട വിചാരണയ്ക്കൊടുവില്‍ ഞങ്ങളുടെ മകനെ കൊലപ്പെടുത്തി. വെള്ളത്തിനുവേണ്ടി വിളിച്ചപ്പോള്‍ ആ നീചന്‍മാര്‍ വീഡിയോ എടുത്ത് രസിച്ചു. മകന്റെ മരണത്തിനു കാരണക്കാരായ പതിനൊന്നുപേരെ അന്ന് സസ്പെന്‍ഡ് ചെയ്തു. വലിയ വാര്‍ത്താപ്രാധാന്യം നേടിയിട്ടും അവര്‍ വീണ്ടും കാംപസിലെത്തി. വിജയികളെപ്പോലെ. കോളേജ് അധികൃതരെല്ലാം വേട്ടക്കാരുടെ കൂടെയാണ്. ഇവരുടെ നിസ്സംഗതയാണ് കാംപസുകളില്‍ വീണ്ടും സിദ്ധാര്‍ഥന്‍മാരുണ്ടാകുന്നത് – കാംപസുകളിലെ റാഗിങ് എന്ന ദുരാചാരം ഒരുവര്‍ഷം മുന്‍പ് ജീവനെടുത്ത സിദ്ധാര്‍ഥന്റെ മാതാപിതാക്കളായ ജയപ്രകാശും ഷീബയും പറയുന്നു.
മൂന്നുദിവസം നീണ്ട ക്രൂരപീഡനത്തിനൊടുവിലാണ് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥി നെടുമങ്ങാട് കുറക്കോട്ടെ സിദ്ധാര്‍ഥന്‍ കൊല്ലപ്പെട്ടത്. മകന്റെ മരണം കണ്ണീരായി ശേഷിച്ചപ്പോഴും രക്ഷിതാക്കളായ ജയപ്രകാശും ഷീബയും നടത്തിയ നിയമപോരാട്ടം മനഃസാക്ഷിയുള്ള മുഴുവന്‍ മലയാളികളും ഏറ്റെടുത്തു.
മകന്റെ മരണത്തിനുകാരണം പ്രിയപ്പെട്ട കൂട്ടുകാര്‍ തന്നെയായിരുന്നുവെന്ന് അറിഞ്ഞപ്പോഴാണ് തകര്‍ന്നുപോയത്. മകന്റെ മൃതദേഹത്തോടൊപ്പം വീട്ടിലെത്തിയ ആ കൂട്ടുകാരനെ ചേര്‍ത്തുപിടിച്ച വലതുകൈകൊണ്ട് ഇക്കാലമത്രയും ആഹാരംപോലും വാരിക്കഴിച്ചിട്ടില്ലെന്ന് ചങ്കുപൊട്ടിയവേദനയോടെ ഈ അമ്മ പറയുന്നു.
കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചും മനുഷ്യാവകാശ കമ്മിഷനും ഒടുവില്‍ സി.ബി.ഐ.യും എത്തി. അന്ന് കേരളം കരുതി ഇതു കലാലയങ്ങളിലെ അവസാനത്തെ റാഗിങ് ദുരന്തമായിരിക്കുമെന്ന്. എന്നാല്‍, കോട്ടയത്ത് അതു വീണ്ടും ആവര്‍ത്തിച്ചു.
മകനെ കെട്ടിത്തൂക്കാന്‍ കൂട്ടുനിന്നത് എസ്.എഫ്.ഐ.യുടെ നേതാക്കന്മാരുമായിരുന്നു. പ്രതികള്‍ക്കു ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഈ അച്ഛനും അമ്മയും കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ ഇല്ല. ഗവര്‍ണറും കേന്ദ്രമന്ത്രിമാരും മന്ത്രിമാരും ഉള്‍പ്പെടെ കുറക്കോട്ടെ സിദ്ധാര്‍ഥന്റെ വീട് സന്ദര്‍ശിക്കാത്തവരുടെ എണ്ണം തീരെ കുറവായിരുന്നു. എന്നിട്ടും നീതി ലഭിക്കുന്നില്ലെന്നതാണ് രക്ഷിതാക്കളുടെ മാത്രമല്ല, ഒരു നാടിന്റെയും സങ്കടം.
Discover more from MALAYALAM
Subscribe to get the latest posts sent to your email.