സോള്‍: കെ-ഡ്രാമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രശസ്തയായ ദക്ഷിണ കൊറിയന്‍ നടി കിം സെയ് റോണിനെ (24) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ‘ലിസന്‍ ടു മൈ ഹാര്‍ട്ട്’, ‘ദ് ക്വീന്‍സ് ക്ലാസ് റൂം’, ‘ഹായ്! സ്‌കൂള്‍-ലവ് ഓണ്‍’ തുടങ്ങിയ കെ-ഡ്രാമകളാണു കിമ്മിനെ പ്രശസ്തയാക്കിയത്.
കിമ്മിനെ കാണാനെത്തിയ സുഹൃത്താണു നടി മരിച്ചു കിടക്കുന്നതായി കണ്ടത്. വീട്ടില്‍ ആരും അതിക്രമിച്ചു കയറിയതിന്റെയോ ശരീരത്തില്‍ മര്‍ദനത്തിന്റെയോ ലക്ഷണമില്ലെന്നും മരണകാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. നടിയുടെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ സിനിമാരംഗത്തു ഞെട്ടിച്ചെന്നു ‘കൊറിയ ഹെറാള്‍ഡ്’ റിപ്പോര്‍ട്ട് ചെയ്തു. കിമ്മിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും സമൂഹമാധ്യമങ്ങളില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി
2000 ജൂലൈ 31ന് ജനിച്ച കിം ഒന്‍പതാം വയസ്സില്‍ അഭിനയം തുടങ്ങി. ‘എ ബ്രാന്‍ഡ് ന്യൂ ലൈഫ്’ (2009) , ‘ദ് മാന്‍ ഫ്രം നോവെര്‍’ (2010) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ കയ്യടി നേടി. ‘എ ഗേള്‍ അറ്റ് മൈ ഡോര്‍’ (2014), ‘സീക്രട്ട് ഹീലര്‍’ (2016) എന്നീ ടെലിവിഷന്‍ പരമ്പരകളിലും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു.
2022 മേയില്‍ സോളില്‍ മദ്യപിച്ച് കിം വാഹനമോടിച്ചതു വലിയ ചര്‍ച്ചയായി. കേസായതോടെ കിം പരസ്യമായി മാപ്പ് പറഞ്ഞു. അഭിനയവും നിര്‍ത്തി. സാമ്പത്തികപ്രയാസം മറികടക്കാന്‍ പാര്‍ട് ടൈം ജോലികള്‍ ചെയ്തു. 2024 മേയില്‍ നാടകത്തിലൂടെ അഭിനയത്തിലേക്കു തിരിച്ചുവരാന്‍ ശ്രമിച്ചു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഉപേക്ഷിച്ചു. 2023ലെ ‘ബ്ലഡ്ഹൗണ്ട്‌സ്’ ആണ് കിമ്മിന്റെ അവസാന ചിത്രം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply