പലപ്പോഴും പല രോഗാവസ്ഥകളും വര്‍ഷങ്ങളോളം നമ്മുടെ ശരീരത്തിനുള്ളില്‍ മറഞ്ഞിരിക്കാറുണ്ട്. അത്രമേല്‍ ഗുരുതരമായി കഴിയുമ്പോള്‍ മാത്രമാണ് അവയില്‍ പലതും പലവിധങ്ങളായ രോഗലക്ഷണങ്ങളിലൂടെ നമുക്ക് വെളിപ്പെടുക. അതുകൊണ്ടുതന്നെ ഗുരുതരമായ ഒരു രോഗത്തെ ഉള്ളില്‍ പേറുമ്പോഴും സ്വയം പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്ന് നമ്മള്‍ കരുതാറുണ്ട്. ഏതാനും ദിവസങ്ങള്‍ മുന്‍പ് ഒരു തമാശയ്ക്ക് വേണ്ടി എംആര്‍ഐ സ്‌കാനിങ് നടത്തിയ യുവതിയുടെ ജീവിതത്തിലും സംഭവിച്ചത് ഇത്തരത്തില്‍ ഒരു അവസ്ഥയാണ്.
സാറാ ബ്ലാക്ക്‌ബേണ്‍ എന്ന യുവതിയാണ് തന്റെ ജീവിതത്തില്‍ താന്‍ നേരിട്ട ഏറ്റവും ദൗര്‍ഭാഗ്യകരമായ നിമിഷം വിവരിച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ താന്‍ പൂര്‍ണ്ണമായും ആരോഗ്യവതിയാണെന്ന് തോന്നിയതായും, നന്നായി ഉറങ്ങിയിരുന്നുവെന്നും, നല്ലൊരു ജീവിതം നയിച്ചിരുന്നുവെന്നും സാറ പറയുന്നു. പെട്ടെന്നുണ്ടായ ഒരു തോന്നലിലാണ് അവള്‍ ഒരു എംആര്‍ഐ സ്‌കാന്‍ ചെയ്യാന്‍ തീരുമാനിച്ചത്. പൂര്‍ണ്ണ ശരീര സ്‌കാന്‍ വാഗ്ദാനം ചെയ്യുന്ന പ്രിനുവോ എന്ന കമ്പനിയാണ് സാറയ്ക്ക് എംആര്‍ഐ ചെയ്തത്. ഈ തരത്തിലുള്ള എംആര്‍ഐക്ക് മറഞ്ഞിരിക്കുന്ന രോഗങ്ങള്‍ കണ്ടെത്താനും, 60 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരിശോധനയില്‍ ശരീരത്തെക്കുറിച്ചുള്ള ദശലക്ഷക്കണക്കിന് ഡാറ്റ പോയിന്റുകള്‍ പിടിച്ചെടുക്കാനും കഴിയും.
കുടുംബത്തില്‍ കാന്‍സര്‍ രോഗത്തിന്റെ ചരിത്രം ഉണ്ടായിരുന്നെങ്കിലും, സാറ എപ്പോഴും താന്‍ ആരോഗ്യവതിയാണെന്നാണ് കരുതിയത്. സ്‌കാനിങ് നടത്തി നാല് ദിവസത്തിന് ശേഷം റിപ്പോര്‍ട്ട് വന്നപ്പോള്‍, അക്ഷരാര്‍ത്ഥത്തില്‍ അവള്‍ ഞെട്ടി. പ്ലീഹയിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികള്‍ വീര്‍ക്കുന്ന ഒരു അവസ്ഥയായ സ്പ്ലീനിക് ആര്‍ട്ടറി അന്യൂറിസം എന്ന രോഗാവസ്ഥയിലൂടെയാണ് സാറ കടന്നു പോകുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. രക്തം ശുദ്ധീകരിച്ച് അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്തരികാവയവമാണ് പ്ലീഹ. ഒരു വ്യക്തിക്ക് പ്ലീഹ ഇല്ലാതെ ജീവിക്കാന്‍ കഴിയും എന്നതിനാല്‍ ഡോക്ടര്‍മാര്‍ അവളുടെ പ്ലീഹ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ സാറ ഇപ്പോള്‍ വിശ്രമത്തിലാണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.