പ്രണയിച്ച രണ്ടുയുവതികളെയും ഒരേവേദിയില്‍വെച്ച് താലിചാര്‍ത്തി യുവാവ്. തെലങ്കാനയിലെ കുമുരംഭീം ആസിഫാബാദ് ജില്ലയിലെ ഗുംനൂര്‍ നിവാസിയായ സൂര്യദേവ് ആണ് കാമുകിമാരായ രണ്ടുപേരെയും ഒരേചടങ്ങില്‍വെച്ച് വിവാഹം കഴിച്ചത്. ഇവരുടെ വിവാഹചടങ്ങിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ലാല്‍ ദേവി, ഝാല്‍ക്കാരി ദേവി എന്നിവരെയാണ് സൂര്യദേവ് ഒരേവേദിയില്‍വെച്ച് വിവാഹം കഴിച്ചത്. രണ്ടുപേരുമായും സൂര്യദേവ് പ്രണയത്തിലായിരുന്നു. തുടര്‍ന്ന് മൂവരും ചേര്‍ന്നാണ് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനമെടുത്തതെന്നും ഇതിനുപിന്നാലെയാണ് ഒരേചടങ്ങില്‍ വിവാഹം കഴിച്ചതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടുയുവതികളെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ആദ്യം ഇതിനെ അനുകൂലിച്ചില്ല. ഇവരുടെ വിവാഹം നടത്തിക്കൊടുക്കാനും മുതിര്‍ന്നവര്‍ ആദ്യം തയ്യാറായില്ല. എന്നാല്‍, പിന്നീട് ഇവര്‍ വിവാഹത്തിന് സമ്മതം നല്‍കുകയും ആഘോഷപൂര്‍വം വിവാഹചടങ്ങ് നടത്തുകയുമായിരുന്നു.
വിവാഹത്തിന് മുന്നോടിയായി അച്ചടിച്ച ക്ഷണക്കത്തിലും വരന്റെ പേരിനൊപ്പം രണ്ട് വധുക്കളുടെയും പേരുകള്‍ ചേര്‍ത്തിരുന്നു. ആചാരപ്രകാരമാണ് വിവാഹചടങ്ങുകളും നടന്നത്. മൂവരുടെയും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം വിവാഹചടങ്ങില്‍ പങ്കെടുത്തു.
അതേസമയം, ഹിന്ദു വിവാഹനിയമപ്രകാരം രാജ്യത്ത് ബഹുഭാര്യാത്വം നിയമവിരുദ്ധമാണ്. എന്നാല്‍, തെലങ്കാന ഉള്‍പ്പെടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും നേരത്തെയും സമാനമായരീതിയില്‍ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. 2021-ല്‍ തെലങ്കാനയിലെ ആദിലാബാദില്‍ യുവാവ് ഒരേ ചടങ്ങില്‍വെച്ച് രണ്ടുയുവതികളെ വിവാഹം കഴിച്ചിരുന്നു. 2022-ല്‍ ഝാര്‍ഖണ്ഡിലെ ലോഹര്‍ഗാദയിലും ഒരു യുവാവ് കാമുകിമാരായ രണ്ടുപേരെ ഒരേചടങ്ങില്‍വെച്ച് വിവാഹംചെയ്ത സംഭവവുമുണ്ടായി
Discover more from MALAYALAM
Subscribe to get the latest posts sent to your email.