ഗാസ: പതിനഞ്ചു മാസം നീണ്ട പരിധികളില്ലാത്ത യുദ്ധത്തിനൊടുവില്‍ ഗാസ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന്റെ ആശ്വാസത്തിലാണ് ലോകം. ഇക്കാലയളവില്‍ പലസ്തീന്‍ അടക്കി ഭരിച്ചിരുന്ന ഹമാസ് ഭീകര സംഘടനയിലെ ഉന്നതരെ തെരഞ്ഞു പിടിച്ചു പൂര്‍ണമായും തകര്‍ത്ത ഇസ്രയേലിനെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍ ഹമാസ്. പലസ്തീനിന്റെ തീരപ്രദേശം അവര്‍ ഏറ്റെടുത്തിരിക്കുന്നു. ഹമാസ് ഭീകരര്‍ തങ്ങളുടെ പതാകകളേന്തി മുഖം മൂടി ധരിച്ച് ഗാസയുടെ തെരുവുകള്‍ കീഴടക്കുന്നതാണ് ഇപ്പോള്‍ ലോകം കാണുന്നത്.
ഹമാസിന്റെ ഈ പുനരുജ്ജീവനം പല ഗാസക്കാരെയും അത്ഭുതപ്പെടുത്തി. ഹമാസിനെ ഉന്മൂലനം ചെയ്യാന്‍ കച്ച കെട്ടിയിറങ്ങിയ ഇസ്രയേലിന്റെ യുദ്ധം വിജയിക്കുമോ എന്ന ചോദ്യമുയര്‍ത്തും വിധമാണ് ഹമാസിന്റെ പുനരുജ്ജീവനം. യുദ്ധാനന്തര ഗാസ എങ്ങനെയായിരിക്കുമെന്ന ചിന്തയും ഹമാസിന്റെ അത്ഭുതകരമായ പുനരുജ്ജീവനവും ഗാസക്കാരെ മാത്രമല്ല, ലോകത്തെയൊട്ടാകെ അത്ഭുതപരതന്ത്രരാക്കുന്നു. എന്നാല്‍ എത്ര രക്ഷപെട്ടാലും യുദ്ധത്തിന്റെ അന്തിമലക്ഷ്യം ഹമാസിന്റെ പൂര്‍ണമായ ഉന്മൂലനമാണെന്ന കാര്യത്തില്‍ ഇസ്രയേലിനു രണ്ടു പക്ഷമില്ല.
ഈജിപ്റ്റ്, ഖത്തര്‍, യുഎസ് എന്നിവയുടെ മധ്യസ്ഥതയിലുള്ള ഉടമ്പടി കരാര്‍ പൂര്‍ത്തിയാകാന്‍ ആറാഴ്ച സമയമുണ്ട്. ഇതിനകം തങ്ങളുടെ ബന്ദികളെ മോചിപ്പിക്കുന്നതില്‍ മാത്രമാണ് ഇപ്പോള്‍ ഇസ്രയേലിന്റെ ശ്രദ്ധ. എന്നാല്‍, വെടിനിര്‍ത്തല്‍ ആരംഭിച്ചതു മുതല്‍ക്കേ ഗാസയുടെ മേലുള്ള തങ്ങളുടെ നഷ്ടപ്പെട്ട അധീശത്വം തിരിച്ചു പിടിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ഹമാസ്. നിലവില്‍ ഗാസയുടെ നിയന്ത്രണം കൈയിലുള്ള പലസ്തീന്‍ അഥോറിറ്റി വെസ്റ്റ് ബാങ്കിലെ തീരദേശമേഖലയില്‍ തിരിച്ചു വരവു നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഹമാസിന്റെ ഈ തിരിച്ചു വരവ്.
ഇസ്രയേലാകട്ടെ യുദ്ധാനന്തര ഗാസയെ നിയന്ത്രിക്കാന്‍ കഴിയുന്ന ഏതെങ്കിലുമൊരു ബദല്‍ ഗ്രൂപ്പിനെ നല്‍കാനുള്ള തത്രപ്പാടിലാണ്. എന്നാല്‍, ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചുവരവ് നടത്തിയ ഹമാസ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന നിമിഷം മുതല്‍ അവരുടെ വൃത്തിയുള്ള സൈനിക യൂണിഫോം ധരിച്ച് വെളുത്ത കാറുകളില്‍ സഞ്ചരിക്കുന്നതാണ് ഗാസ കണ്ടത്. ഗാസയിലെ നിരവധി നിവാസികള്‍ക്ക് പോലും, ഇവരുടെ പെട്ടെന്നുള്ള ആവിര്‍ഭാവം ഒരു അദ്ഭുതമായിരുന്നു.
ഞൊടിയിടയില്‍ പുറത്തു വന്ന ഈ തീവ്രവാദികള്‍ യുദ്ധ സമയത്ത് എവിടെയായിരുന്നു എന്ന് ഇസ്രയേലിന് യാതൊരറിവും ഉണ്ടായിരുന്നില്ല. ഹമാസ് തീവ്രവാദികള്‍ ഇസ്രായേലിന് ബന്ദികളെ കൈമാറുമ്പോള്‍ എത്തുന്ന ഹമാസ് തീവ്രവാദികള്‍ വൃത്തിയുള്ള യൂണിഫോമില്‍ മാന്യമായി കാറുകളോടിച്ചാണ് എത്തുന്നത്. ഹമാസ് ഉന്നതര്‍ ഇല്ലാതെയായെങ്കിലും ഹമാസ് ഭീകരര്‍ നല്ലൊരു വിഭാഗം ഇപ്പോഴും സുരക്ഷിതമായുണ്ട് എന്നതിനു തെളിവാണിത്.
വെടിനിര്‍ത്തലോടെ ഹമാസ് ഭീകരര്‍ തങ്ങളുടെ പൊലീസ് സേനയെ തെരുവിലിറക്കി, ട്രാഫിക് എയ്ഡ് ട്രക്കുകള്‍ക്ക് നിര്‍ദേശം നല്‍കി, തീരദേശ മേഖലയില്‍ ക്രമസമാധാനപാലനം നടത്തി ഗാസ വീണ്ടെടുക്കാന്‍ വേണ്ട കഠിന പരിശ്രമത്തിലാണ്.
എന്നാല്‍, പലസ്തീന്‍ അതോറിറ്റിയല്ലാതെ മറ്റാരു തന്നെ യുദ്ധാനന്തര ഗാസയുടെ മേല്‍നോട്ടം വഹിച്ചാലും അത് അംഗീകരിക്കാനാകില്ലെന്ന് ഈ ആഴ്ച ആദ്യം തന്നെ പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ പറഞ്ഞു.
യുഎസും ഈ ആശയത്തെയാണ് പിന്തുണയ്ക്കുന്നത്. 2007ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ ശേഷം അട്ടിമറിയിലൂടെയാണ് ഹമാസ് ഗാസയെ ബലമായി പിടിച്ചടക്കിയത്.
അതുവരെ ഗാസ മുനമ്പില്‍ ഭരണം നടത്തിയിരുന്നത് പലസ്തീന്‍ അഥോറിറ്റിയാണെന്നത് ശ്രദ്ധേയമാണ്. അങ്ങനെയുള്ള പലസ്തീന്‍ അഥോറിറ്റിയെ ഭരണം ഏല്‍പിച്ചാല്‍ പലസ്തീന് രാഷ്ട്രപദവി നല്‍കുന്നതിന് അത് കാരണമായേക്കാം എന്നതിനാല്‍ പലസ്തീന്‍ അഥോറിറ്റിയുടെ ഇടപെടലിനെ ഇസ്രായേല്‍ പ്രോത്സാഹിപ്പിക്കുന്നില്ല.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply