കുടുംബം നോക്കാന്‍ സമയമില്ലാത്തവര്‍ക്കായി എഐ ഏജന്റിനെ സൃഷ്ടിച്ചെന്ന് ചാറ്റ്ജിപിടി സ്രഷ്ടാക്കളായ ഓപ്പണ്‍എഐയുടെ സിഇഒ സാം ഓള്‍ട്ട്മാന്‍. ഓപ്പണ്‍ എഐയുടെ ഓപ്പറേറ്റര്‍ എന്ന് പരിചയപ്പെടുത്തിയ ഈ എഐ ഏജന്റിനെ ഇത്തരത്തില്‍ ഭാവിയില്‍ വരാനിരിക്കുന്ന നിരവധി ഏജന്റുമാരില്‍ ആദ്യ പുത്രനെന്നാണ് ഓള്‍ട്ട്മാന്‍ വിശേഷിപ്പിച്ചത്.
ഓപ്പണ്‍ എഐ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്ന അതിന്റെ ആദ്യത്തെ എഐ ഏജന്റിനെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ താത്പര്യാര്‍ഥം വിവിധ വെബ് ടാസ്‌കുകള്‍ ചെയ്യാന്‍ ഉപയോഗിക്കാം. ഒരു വെബ് ബ്രൗസറിനുള്ളില്‍ തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന വിധത്തിലാണ് ഈ എഐ ഏജന്റിന്റെ രൂപകല്‍പ്പന.
തിരക്കേറിയ ജീവിതത്തില്‍ ജോലിക്കിടെ ഒരു ഡിന്നര്‍ റിസര്‍വ് ചെയ്യുന്നതിനോ ഫോമുകള്‍ പൂരിപ്പിക്കുന്നതിനോ പലചരക്കു സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനോ ഒക്കെ ഈ പുതിയ എഐ ഓപ്പറേറ്ററെ ഏല്‍പ്പിക്കാം. കക്ഷി വെടിപ്പായി അതൊക്കെ നോക്കിക്കോളും.
ഇത്തരം പ്രവൃത്തികള്‍ വിജയകരമായി ചെയ്യാന്‍ വെബില്‍ ബ്രൗസ് ചെയ്യുന്നതിനും തിരയാനും ജിപിടി-4 ന്റെ വിഷ്വല്‍ കഴിവുകളും വിപുലമായ യുക്തിയും സമന്വയിപ്പിക്കുന്ന കംപ്യൂട്ടര്‍ യൂസിങ് ഏജന്റ് (സിയുഎ) എന്ന പുതിയ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
നമ്മള്‍ ആവശ്യപ്പെടുന്നത് സന്ദര്‍ഭോചിതമായി മനസിലാക്കാനും അതിന്റെ ദൃശ്യരൂപം മനസിലാക്കാനായി വിഷ്വല്‍ കഴിവുകള്‍ ഉപയോഗിക്കാനും കഴിവുള്ള ഒരു ബ്രൗസര്‍ അധിഷ്ഠിത എഐ അസിസ്റ്റന്റാണ് ഈ പുതിയ ഓപ്പറേറ്റര്‍. ഇതിപ്പോള്‍ പരീക്ഷണാര്‍ഥം അമെരിക്കയിലെ ചാറ്റ് ജിപിടി പ്രോ സബ്‌സ്‌ക്രൈബേഴ്‌സിന് പ്രിവ്യൂ ആയി ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
വെബ്‌സൈറ്റുകളുമായി ഇടപഴകാനും ബട്ടണുകള്‍ ക്ലിക്കു ചെയ്യാനും ഫീല്‍ഡുകളിലേയ്ക്ക് വിവരങ്ങള്‍ നല്‍കാനും എല്ലാം, ഒരു മനുഷ്യനെ പോലെ വെബ് ബ്രൗസ് ചെയ്യുന്ന ഡെമോ എഐ ഏജന്റിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
നിലവില്‍ പ്രാരംഭ ഘട്ടത്തിലുള്ള ഈ എഐ ഓപ്പറേറ്റര്‍ക്ക് പരിമിതികള്‍ ഉണ്ടായേക്കാം. എന്നാല്‍, വരാനിരിക്കുന്ന എഐ ഏജന്റുമാരുടെ ലോകത്ത് ഒരു ഗെയിം ചേഞ്ചര്‍ ആകാന്‍ ഓപ്പറേറ്റര്‍ക്ക് കഴിയുമെന്ന് ഇതിനകം നടത്തിയ പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.