ന്യൂഡല്‍ഹി: വരുമാനം നേടാന്‍ ശേഷിയുള്ള സ്ത്രീകള്‍ അവരുടെ ഭര്‍ത്താവില്‍നിന്ന് ഇടക്കാല ജീവനാംശം അവകാശപ്പെടരുതെന്ന സുപ്രധാന നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. നിയമം അലസത പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
സിആര്‍പിസി സെക്ഷന്‍ 125 അനുസരിച്ച് പങ്കാളികള്‍ക്കിടയില്‍ തുല്യത നിലനിര്‍ത്തുന്നതിനും ഭാര്യയ്ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിനുമാണ് നിയമം ഉദ്ദേശിക്കുന്നതെന്നും അല്ലാതെ അലസതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്ര ധാരി സിങ് പറഞ്ഞു.
വേര്‍പിരിഞ്ഞ ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന ആവശ്യം നിഷേധിച്ച വിചാരണ കോടതി ഉത്തരവിനെതിരായി സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഒരു ജോലി സമ്പാദിക്കാന്‍തക്ക മികച്ച വിദ്യാഭ്യാസമുള്ള ഭാര്യ, ഭര്‍ത്താവില്‍നിന്ന് ജീവനാംശം നേടുന്നതിനായി മാത്രം വെറുതെയിരിക്കരുതെന്ന് പറഞ്ഞ കോടതി, ജീവനാംശം എന്ന ആവശ്യം തള്ളുന്നതായും വ്യക്തമാക്കി. ഹര്‍ജിക്കാരിക്ക് തന്റെ വിദ്യാഭ്യാസയോഗ്യതവെച്ച് സമ്പാദിക്കാന്‍ സാധിക്കുമെന്നും കോടതി വ്യക്തമാക്കി. സ്വയംപര്യാപ്തത നേടുന്നതിനായി ഒരു ജോലി അന്വേഷിക്കാനും ഹര്‍ജിക്കാരിയോട് കോടതി നിര്‍ദേശിച്ചു.
2019-ലായിരുന്നു പരാതിക്കാരിയുടെ വിവാഹം. ശേഷം ഇരുവരും സിംഗപ്പുരിലേക്ക് പോയി. എന്നാല്‍, ഭര്‍ത്താവിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ക്രൂരതകള്‍ കാരണം 2021 ഫെബ്രുവരിയില്‍ താന്‍ ഇന്ത്യയിലേക്ക് മടങ്ങിവരികയായിരുന്നുവെന്ന് യുവതി പറയുന്നു. ഇന്ത്യയിലേക്ക് മടങ്ങാന്‍ തന്റെ ആഭരണങ്ങള്‍ വിറ്റതായും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അമ്മാവനൊപ്പം താമസിക്കാന്‍ തുടങ്ങിയതായും യുവതി അറിയിച്ചു. പിന്നീട് 2021 ജൂണിലാണ് ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെട്ട് സ്ത്രീ ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണക്കോടതി ഈ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഭര്‍ത്താവ് മികച്ച വരുമാനം നേടുകയും ആര്‍ഭാട ജീവിതം നയിക്കുകയും ചെയ്തിട്ടും തൊഴില്‍രഹിതയും മറ്റ് വരുമാന സ്രോതസുകള്‍ ഇല്ലാത്ത ആളുമായ തനിക്ക് ജീവനാംശം നിഷേധിച്ചതില്‍ വിചാരണക്കോടതിക്ക് തെറ്റുപറ്റിയെന്നാണ് സ്ത്രീയുടെ വാദം. ഇവര്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളയാളും സമ്പാദിക്കാന്‍ സാധിക്കുന്നവരുമാണെന്നും ഇത് നിയമത്തിന്റെ ദുരുപയോഗമാണെന്നും ചൂണ്ടിക്കാട്ടി എതിര്‍ഭാഗം ഈ ഹര്‍ജിയെ എതിര്‍ത്തു. തൊഴില്‍ ഇല്ല എന്ന കാരണംകൊണ്ടു മാത്രം സ്ത്രീക്ക് ജീവനാംശം ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും എതിര്‍ഭാഗം വ്യക്തമാക്കി.
ഓസ്ട്രേലിയയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ സ്ത്രീ, വിവാഹത്തിനു മുമ്പ് ദുബായില്‍ മികച്ച ശമ്പളത്തില്‍ ജോലി ചെയ്തിരുന്നെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, ഇതിനു പിന്നാലെ താന്‍ വെറുതെയിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോലി കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും യുവതി വാദിച്ചെങ്കിലും ഇതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply