ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായ എട്ടാംതവണയും ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യമായി തിരഞ്ഞെടുക്കപ്പെട്ട് ഫിന്‍ലന്‍ഡ്. പട്ടികയില്‍ 118-ാം സ്ഥാനത്താണ് ഇന്ത്യ. നേപ്പാള്‍ (92-ാം സ്ഥാനം), പാകിസ്താന്‍ (109-ാം സ്ഥാനം), ചൈന (68-ാം സ്ഥാനം) എന്നിങ്ങനെ പോകുന്നു കണക്കുകള്‍. പതിവുപോലെ തന്നെ നോര്‍ഡിക്ക് രാജ്യങ്ങളാണ് ഇത്തവണയും വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ മുന്‍പന്തിയിലെത്തിയത്.
ആദ്യത്തെ അഞ്ചുരാജ്യങ്ങളില്‍ ഫിന്‍ലന്‍ഡിനൊപ്പം ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളുമുണ്ട്. ആദ്യത്തെ പത്തുരാജ്യങ്ങളില്‍ ഇതാദ്യമായി കോസ്റ്ററിക്കയും (ആറാം സ്ഥാനം) മെക്സിക്കോയും (പത്താംസ്ഥാനം) ഇടം നേടി. നോര്‍വേ (ഏഴാം സ്ഥാനം), ഇസ്രയേല്‍ (എട്ടാം സ്ഥാനം), ലക്സംബര്‍ഗ് (ഒന്‍പതാം സ്ഥാനം) എന്നിവയാണ് ആദ്യ പത്തുരാജ്യങ്ങളില്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍.
കുറവുകള്‍ക്ക് പ്രാധാന്യം നല്‍കാതെ അവരവര്‍ക്കുള്ളതുവെച്ച് സന്തോഷത്തോടെ ജീവിക്കുന്നവരാണ് ഫിന്നിഷ് ജനതയെന്നും പട്ടികയില്‍ ഒന്നാം സ്ഥാനം നേടാന്‍ ഫിന്‍ലന്‍ഡിനെ സഹായിച്ചത് ഈ ഘടകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസ്ഥിതിയുമായി ഇണങ്ങിയുള്ള ജീവിതത്തിനാണ് ഫിന്നിഷ് ജനത മുന്‍തൂക്കം നല്‍കുന്നത്. പരസ്പരമുള്ള വിശ്വാസത്തിനും മനുഷ്യബന്ധത്തിനും ഫിന്നിഷുകാര്‍ മൂല്യം കല്‍പ്പിക്കുന്നു.
അതേസമയം, പട്ടികയില്‍ ലോകശക്തിയായ അമേരിക്ക പിന്നിലായി. 24-ാം സ്ഥാനമാണ് ഇക്കുറി അമേരിക്കയ്ക്ക് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ലഭിച്ചത്. ഇതാദ്യമായാണ് അമേരിക്ക പട്ടികയില്‍ ഇത്രയും പിന്നിലാകുന്നത്. പൗരന്മാര്‍ തമ്മിലുള്ള സാമ്പത്തിക അന്തരമാണ് അമേരിക്കയെ പിന്നിലാക്കിയ ഘടകമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇന്റര്‍നാഷണല്‍ ഡേ ഓഫ് ഹാപ്പിനസിനോടനുബന്ധിച്ചാണ് ഐക്യരാഷ്ട്രസഭ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply