തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് ആണ് അഫാനെ അറസ്റ്റ് ചെയ്തത്. അഫാന്റെ അമ്മൂമ്മ സല്‍മാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഡിസ്ചാര്‍ജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം. ഇനി പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം ആയിരിക്കും ഡിസ്ചാര്‍ജ് കാര്യത്തില്‍ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോര്‍ഡ് റിപ്പോര്‍ട്ട് ലഭിക്കും. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകള്‍ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്. അതേസമയം, കേസില്‍ അഫാന്റെ കുടുംബത്തിന് വായ്പ നല്‍കിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. കുടുംബാംഗങ്ങള്‍ക്ക് പുറമെ പുറത്തു നിന്നും പണം കടം വാങ്ങി. സ്വര്‍ണ്ണഭരണങ്ങളും പണയം വെച്ചിട്ടുണ്ട്. വായ്പ നല്‍കിയവര്‍ കേസില്‍ സാക്ഷികളാകും. കൂട്ടക്കൊലക്ക് കാരണം സാമ്പത്തിക ബാധ്യത ആയതിനാലാണ് ഇവരുടെ മൊഴികള്‍ പൊലീസ് ശേഖരിക്കുന്നത്.
പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാന്‍ ഡോക്ടര്‍മാര്‍ പൊലീസിന് അനുമതി നല്‍കിയത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങള്‍ നടത്തേണ്ടി വന്നു എന്നാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply