തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. മന്ത്രിയുടെ നിർദേശമനുസരിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
മന്ത്രി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അതിരപ്പിള്ളിയിലേത് ‘അസാധാരണ മരണങ്ങള്‍’ എന്നാണ് വിശേഷിപ്പിച്ചത്. മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.
മന്ത്രിയുടെ വാര്‍ത്താക്കുറിപ്പ്
തൃശ്ശൂര്‍ അതിരപ്പിള്ളി പ്രദേശത്തും സമീപ പ്രദേശത്തും വന മേഖലയില്‍ ഉണ്ടായ അസാധാരണ മരണങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.
തൃശ്ശൂര്‍ വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്, അംബിക ദമ്പതികള്‍ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടിനകത്തു കുടില്‍ കെട്ടി തേന്‍ ശേഖരിച്ചു വരികയാരുന്നു. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം സ്റ്റാഫ് സ്ഥലത്തെത്തി പരിശോധിച്ചതില്‍, സംശയാസ്പദമായ സാഹചര്യത്തില്‍ സതീശന്റെ മൃതദേഹം കണ്ടെത്തി. അംബികയുടെ ശരീരം പോലീസ് എത്തി പുഴയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷിച്ചു വരുന്നു. മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാഴച്ചാല്‍ സ്വദേശികളായ അംബിക(30), സതീഷ്(34) എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയ്ക്കുള്ള വഞ്ചിക്കടവിലാണ് സംഭവം. കഴിഞ്ഞ ദിവസം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു ഇവര്‍. നാലംഗ സംഘമാണ് കാട്ടിലേക്ക് പോയത്.
താല്‍ക്കാലികമായി ഒരു ഷെഡ് പണിതാണ് അവര്‍ അവിടെ വിശ്രമിച്ചിരുന്നത്. കാട്ടാന വന്നപ്പോള്‍ നാല് പേരും ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അംബികയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. സതീഷിന്റെ മൃതദേഹം പാറയില്‍ കിടക്കുന്ന നിലയിലായിരുന്നു.
ഞായറാഴ്ച രാത്രി അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. അടിച്ചില്‍തൊട്ടി മേഖലയിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തില്‍നിന്നു സെബാസ്റ്റ്യനും കൂട്ടുകാരും തേന്‍ ശേഖരിച്ച് തിരിച്ചുവരുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.