ബെംഗളൂരു: 76കാരിയില്‍ നിന്ന് തന്ത്രപരമായി ഒപ്പ് കൈക്കലാക്കി അരക്കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേര്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ ഇന്‍ഡസ്ലന്‍ഡ് ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ അടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. ബെംഗളൂരുവിലെ ഗിരിനഗര്‍ ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജറായ 31കാരി മേഘ്‌ന പി വി, കാമുകന്‍ ശിവപ്രസാദ്, അന്‍വര്‍ ഘോസ്, വരദരാജ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
76കാരിയായ സാവിത്രിയമ്മ എന്ന പരാതിക്കാരിയുടേയും ഭര്‍ത്താവിന്റെയും ജോയിന്റ് അക്കൌണ്ട് കൈകാര്യം ചെയ്യുന്നതില്‍ മേഘ്‌ന ആയിരുന്നു ഇവരെ സഹായിച്ചിരുന്നത്. മാന്യമായ പെരുമാറ്റത്തിലൂടെ 76കാരിയുടെ വിശ്വാസം നേടിയെടുത്ത ശേഷം സ്വകാര്യ വിവരങ്ങളും മേഘ്‌ന കരസ്ഥമാക്കി. 2025 ജനുവരിയില്‍ പരാതിക്കാരി ബെംഗളൂരുവിലെ വീട് വിറ്റതിന്റെ ഒരു കോടി രൂപ ഇവരുടെ അക്കൌണ്ടില്‍ വന്നിരുന്നു. ഈ പണം എഫ്ഡി രൂപത്തിലിടാനെന്ന പേരില്‍ ആര്‍ടിജിഎസ് രേഖകളിലും ബ്ലാങ്ക് ചെക്കിലും മേഘ്‌ന ഒപ്പിട്ട് വാങ്ങിയ ശേഷം അക്കൌണ്ടില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഫെബ്രുവരി 14ന് ആര്‍ടിജിഎസ് ഉപയോഗിച്ച് 30 ലക്ഷം രൂപ കാമുകന്റെ സഹായത്തോടെ തുടങ്ങിയ മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റിയ ശേഷം ഇതില്‍ നിന്ന് 30 ലക്ഷം രൂപ പിന്‍വലിക്കുകയായിരുന്നു.
അടുത്തിടെ 76കാരിയുടെ മകന്‍ അമ്മയുടെ അക്കൌണ്ട് പരിശോധിച്ചപ്പോഴാണ് വലിയ രീതിയിലുള്ള സാമ്പത്തിക തിരിമറി തിരിച്ചറിഞ്ഞത്. ഫെബ്രുവരി 27ന് 76കാരിയുടെ മകന്‍ ബാങ്കിലെത്തി തിരക്കിയതോടെ മേഘ്‌ന കൈമലര്‍ത്തി. വയോധിക നിര്‍ദ്ദേശിച്ച അക്കൌണ്ടിലേക്ക് പണം അയച്ചുവെന്നാണ് മേഘ്‌ന ബാങ്കില്‍ വിവരം തിരക്കിയെത്തിയ മകനോട് പ്രതികരിച്ചത്. പിന്നാലെ മകന്‍ വയോധികയോട് കാര്യങ്ങള്‍ തിരക്കിയതോടെയാണ് ബ്ലാങ്ക് ചെക്ക് അടക്കം ഒപ്പിട്ട് നല്‍കിയ വിവരം വയോധിക ഓര്‍ത്തെടുത്ത് പറയുന്നത്. ഇതിന് പിന്നാലെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.
തെറ്റിധരിപ്പിച്ച് നടത്തിയ വന്‍ തുക കൈമാറ്റം വീട്ടുകാര്‍ സൈബര്‍ ക്രൈം വിഭാഗത്തെ അറിയിക്കുകയായിരുന്നു. മാര്‍ച്ച് മൂന്നിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ബാങ്കിലെ മുതിര്‍ന്ന ജീവനക്കാരിയും കാമുകനും സുഹൃത്തുക്കളും വിശ്വാസ വഞ്ചനയ്ക്കും തട്ടിപ്പിനും അറസ്റ്റിലായത്. മേഘ്‌നയെ കേരളത്തില്‍ നിന്നും ശിവപ്രസാദിനെ ബെംഗളൂരുവില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്ത്. മറ്റു രണ്ട് പേരെ അങ്കോളയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply