ന്യൂഡല്‍ഹി: ആദായ നികുതി പരിധി ഉയര്‍ത്തി ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ വമ്പന്‍ പ്രഖ്യാപനം. വാര്‍ഷിക വരുമാനം 12 ലക്ഷം വരെയുള്ളവര്‍ക്ക് ആദായനികുതിയില്ല. ധനമന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. സഭയില്‍ ‘മോദി, മോദി’ വിളികളും ഉയര്‍ന്നു. പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്‌സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകള്‍ വഴിയാകും പദ്ധതി നടപ്പാക്കുക. ഇതു പ്രാദേശിക സമ്പദ്വ്യവസ്ഥയില്‍ പുരോഗതിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രധാനമന്ത്രി ധന്‍ധാന്യ കൃഷിയോജന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. വിളവൈവിധ്യവും കാര്‍ഷിക ഉല്‍പാദനവും കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചനസംവിധാനം മെച്ചെപ്പെടുത്തുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. 1.7 കോടി കര്‍ഷകര്‍ക്ക് പദ്ധതി സഹായകരാകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പച്ചക്കറി-പഴ ഉല്‍പാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി ഒരുക്കും.
ബിഹാറിനു വേണ്ടി മഖാന ബോര്‍ഡ് സ്ഥാപിക്കും. സസ്യാഹാരികളുടെ പ്രോട്ടീന്‍ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്. ഇതിന്റെ ഉല്‍പാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് നേരത്തേ ബിഹാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മഖാനയുടെ ഉല്‍പാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് മഖാന ബോര്‍ഡിന്റെ ലക്ഷ്യം.
എല്ലാ ഗവ. സെക്കന്‍ഡറി സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് ഉറപ്പാക്കും. സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപിക്കും. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, സുസ്ഥിര വികസിത മേഖലകളെ ഉള്‍പ്പെടെ ലക്ഷ്യമിട്ടായിരിക്കും ഇത്. അടല്‍ ഇന്നവേഷന്‍ മിഷന്റെ കീഴില്‍ രാജ്യത്തെ സ്‌കൂളുകളില്‍ അടല്‍ ടിങ്കറിങ് ലാബറട്ടറീസ് (എടിഎല്‍) സ്ഥാപിക്കും. കുട്ടികളുടെ ചിന്താശേഷി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply