ചാലക്കുടി: ഫെഡറല്‍ ബാങ്ക് പോട്ട ശാഖയില്‍ പട്ടാപ്പകല്‍ കത്തി കാട്ടി കവര്‍ച്ച നടത്തിയ പ്രതി കൊച്ചിയിലേക്ക് കടന്നതായി സംശയം. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം അന്വേഷണം പുരോഗമിക്കുകയാണ്. ആലുവ, അങ്കമാലി മേഖലയിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഹെല്‍മറ്റും മാസ്‌കും ധരിച്ച് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് ബാങ്കിന്റെ അകത്തു കടന്ന് ക്യാഷ് കൗണ്ടറിന് സമീപത്തുണ്ടായ രണ്ട് ജീവനക്കാരേയും ഭക്ഷണം കഴിച്ചിരുന്ന ആറ് പേരേയും പൂട്ടിയിട്ടതിനു ശേഷമാണ് കവര്‍ച്ച നടത്തിയത്. മോഷ്ടാവ് അകത്തു വരുമ്പോള്‍ ബാങ്ക് മാനേജര്‍ ബാബുവും പ്യൂണ്‍ ആളൂര്‍ സ്വദേശി അരിക്കാട്ട് ടെജിയുമാണ് കൗണ്ടറിന് സമീപത്തുണ്ടായിരുന്നത്.
ഇവരെ കത്തി കാണിച്ച് മോഷ്ടാവ് ഭീഷണിപ്പെടുത്തി റൂമിലിട്ട് ആദ്യം പൂട്ടി. തുടര്‍ന്ന് ക്യാഷ് കൗണ്ടറിന്റെ ചില്ലു തകര്‍ത്ത് കൗണ്ടറില്‍ കടന്ന് പണവുമായി കടന്നു കളയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് ശേഷമാണ് നാടിനെ നടുക്കിയ സംഭവം. ബാങ്ക് ജീവനക്കാരുടെ ഉച്ചഭക്ഷണ സമയം കണക്കാക്കിയാണ് മോഷ്ടാവ് മോഷണം നടത്തിയത്. ബാങ്കിന്റെ അകത്ത് കടന്ന് മൂന്ന് മിനിറ്റിനുള്ളില്‍ പണമെടുത്ത് മോഷ്ടാവ് പുറത്ത് കടന്നു രക്ഷപ്പെട്ടു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മറ്റു നാല് ജീവനക്കാരേയും ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്ഥലത്ത് പിന്നീട് പൂട്ടിയിട്ടു. തുടര്‍ന്ന് ക്യാഷ് കൗണ്ടറിന്റെ ചില്ല് തകര്‍ത്ത് കൗണ്ടറിലുണ്ടായിരുന്ന അഞ്ച് ലക്ഷത്തിന്റെ അഞ്ഞൂറ് രൂപയുടെ മൂന്ന് കെട്ടുകളും ബാക്കിയുണ്ടായിരുന്ന ഇരുപതിനായിരത്തോളം രൂപയും കൈയ്യില്‍ ഉണ്ടായിരുന്ന ബാഗിലാക്കി അതി വേഗത്തില്‍ പുറത്തിറങ്ങിയതിന് ശേഷം വന്ന സ്‌കൂട്ടറില്‍ തന്നെ മോഷ്ടാവ് തിരിച്ചു പോവുകയായിരുന്നു.
പോട്ട സിഗ്‌നല്‍ ജങ്ഷനിലൂടെ ടിവിഎസിന്റെ നമ്പര്‍ പ്ലേറ്റിലാത്ത സ്‌കൂട്ടറില്‍ വന്ന ഇയാള്‍ മോഷണത്തിന് ശേഷം അതുവഴി പോയതായി സിഗ്‌നല്‍ ജങ്ഷനിലെ സിസിടിവിയില്‍ കാണുന്നുണ്ട്. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാര്‍, രഹസ്യാന്വേഷണ വിഭാഗം ഡിവൈഎസ്പി അബ്ദുള്‍ ബഷീര്‍, ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷ്, ചാലക്കുടി എസ്എച്ച്ഒ എം.കെ.സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ബാങ്കില്‍ പരിശോധന നടത്തി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply