കോലഞ്ചേരി (എറണാകുളം): മൂന്നര വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ പിതാവിന്റെ സഹോദരൻ കുട്ടിയെ നിരന്തരം ക്രൂരപീഡനത്തിന് ഇരയാക്കിയതായാണ് പുറത്തുവരുന്ന വിവരം. പ്രതി ഇക്കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുട്ടി കൊല്ലപ്പെട്ട ദിവസവും ഇയാൾ ലൈംഗികാതിക്രമം നടത്തിയതായാണ് വിവരം. പ്രതി ലൈംഗിക വൈകൃതങ്ങളുള്ള ആളായിരുന്നെന്നും ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതായും പോലീസ് വ്യക്തമാക്കുന്നു.
വീട്ടിൽ കുട്ടിയുമായി ഏറ്റവും അടുപ്പമുള്ളയാളായിരുന്നു പിതാവിന്റെ സഹോദരൻ. ഇത് മുതലെടുത്താണ് ഇയാൾ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിരുന്നതെന്നാണ് വിവരം. ചോദ്യംചെയ്യലിൽ ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാൽ, തെളിവ് നിരത്തിയുള്ള പോലീസിന്റെ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം ഏറ്റുപറയുകയായിരുന്നു.
കൊല്ലപ്പെട്ടദിവസവും ഇയാൾ കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയതായതായാണ് പോലീസ് വ്യക്തമാക്കുന്നത്. തനിക്ക് അബദ്ധം പറ്റിയെന്നായിരുന്നു പ്രതിയുടെ മൊഴി. കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചത്.
പ്രതിയെ ചോദ്യംചെയ്യുന്നതിനൊപ്പം ഇയാളുടെ ഫോൺ പോലീസ് പരിശോധിച്ചിരുന്നു. സ്റ്റേഷനിൽ വെച്ചുതന്നെ ഫോൺ തുറന്നുനോക്കിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. പ്രതി ലൈംഗികവൈകൃതങ്ങൾക്ക് അടിമയെന്നാണ് പോലീസ് സംശയിക്കുന്നത്. അശ്ലീലദൃശ്യങ്ങളുടെ ശേഖരം തന്നെ ഫോണിലുണ്ടെന്നാണ് വിവരം. ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതിലൂടെ കേസിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.
ആദ്യഘട്ടം ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം നിഷേധിച്ചു. എന്നാൽ തെളിവുകളടക്കം നിരത്തിയുള്ള ചോദ്യം ചെയ്യലിൽ പ്രതി പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിക്കുകയായിരുന്നുവെന്നു. ‘കുഞ്ഞ് കൊല്ലപ്പെട്ടല്ലോ, ഇനിയില്ലാല്ലോ…’ എന്നൊക്കെ പറഞ്ഞായിരുന്നു ആദ്യം പ്രതി വിലപിച്ചത്. പിന്നീട് കുട്ടിയുടെ ദേഹത്തെ മുറിവുകളെക്കുറിച്ച് പോലീസ് ചോദിച്ചു. ഒടുവിൽ പ്രതി പൊട്ടിക്കരഞ്ഞുകൊണ്ട്, അബദ്ധം പറ്റിയെന്നുപറഞ്ഞ് കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്നാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കുട്ടിയെ അമ്മ എറിഞ്ഞു കൊലപ്പെടുത്തിയതിന് പിന്നാലെ ബന്ധുക്കളുടെയടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നിർണായക വഴിത്തിരിവ് ഉണ്ടായത്. കുട്ടി ക്രൂര പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്.
കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് വിവരം. പീഡനവിവരം കുട്ടി അമ്മയോട് പറഞ്ഞിരുന്നതായും സൂചനകളുണ്ട്.
സംഭവത്തിൽ അമ്മയെ കൂടുതൽ ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ചെങ്ങമനാട് പോലീസ് വ്യാഴാഴ്ച കോടതിയിൽ അപേക്ഷ നൽകും. അന്വേഷണത്തിന്‍റെ ഭാഗമായി കുട്ടിയുടെ അച്ഛൻ, മറ്റ് ബന്ധുക്കൾ, അങ്കണവാടി ജീവനക്കാർ, ഓട്ടോ ഡ്രൈവർ, ബസ് കണ്ടക്ടർമാർ തുടങ്ങിയവരുടെ മൊഴികൾ ആദ്യം രേഖപ്പെടുത്തും. അമ്മയുടെ ബന്ധുക്കളുടെ മൊഴിയും എടുക്കും. ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ സോണി മത്തായിക്കാണ് കേസന്വേഷണത്തിന്‍റെ ചുമതല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കാക്കനാട് വനിതാ ജയിലിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.