തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല. പാര്‍ട്ടി സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമാണ് പി.കെ.ശ്രീമതി സംസ്ഥാന ഘടകത്തില്‍ പ്രവര്‍ത്തിക്കേണ്ടെന്ന നിലപാടിന് പിന്നിലെന്നും ഗോവിന്ദന്‍ പറഞ്ഞു.
‘പി.കെ.ശ്രീമതി സിപിഎം സംസ്ഥാന സമിതി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ്അംഗവും ആയിരുന്നു. എന്നാല്‍ 75 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ സംസ്ഥാന സമിതിയില്‍നിന്നും സെക്രട്ടറിയേറ്റില്‍നിന്നും ഒഴിവായി. റിട്ടയര്‍ ചെയ്തു എന്ന് പറയാന്‍ പറ്റില്ല. മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്. അഖിലന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വനിതാ എന്ന നിലയിലാണ് പ്രത്യേക പരിഗണന നല്‍കി കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനല്ല. അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കാനാണ്’ എം.വി.ഗോവിന്ദന്‍ വിശദീകരിച്ചു.
കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റ് യോഗം തുടങ്ങുമ്പോള്‍ ഇവിടെ നിങ്ങള്‍ക്ക് പ്രത്യേക ഇളവൊന്നും നല്‍കിയിട്ടില്ലെന്ന് ശ്രീമതിയോട് പിണറായി പറഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍, ജനറല്‍ സെക്രട്ടറി എം.എ. ബേബിയുമായും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനുമായും സംസാരിച്ചപ്പോള്‍ യോഗത്തില്‍ വിലക്കൊന്നും അറിയിച്ചിരുന്നില്ലെന്ന് ശ്രീമതി മറുപടി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായപരിധിയില്‍ നല്‍കിയ ഇളവ് കേന്ദ്രകമ്മിറ്റിക്കുമാത്രമേ ബാധകമാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ മറ്റാരും ഒന്നും പറഞ്ഞില്ല.
വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്രീമതി പങ്കെടുത്തിരുന്നില്ല. ശനിയാഴ്ച സംസ്ഥാനകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.