ബെംഗളൂരുവില്‍ നിന്നുള്ള യുവാവിന്റെ പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. 30-കാരനായ യുവാവിന്റെ റെഡ്ഡിറ്റ് പോസ്റ്റാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. തന്റെ കുടുംബത്തിന്റെ ആകെ വാര്‍ഷിക വരുമാനം 60 ലക്ഷം രൂപയാണെന്ന് പറഞ്ഞ യുവാവ് ബെംഗളൂരുവില്‍ ജീവിക്കുമ്പോള്‍ താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പങ്കുവെച്ചു.
‘ബെംഗളൂരുവിലെ ഹൊറമാവില്‍ ജീവിക്കുന്ന ഞാന്‍ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഓഫീസിലേക്ക് പോകാന്‍ 40 മിനുറ്റ് സമയമെടുക്കും. ഓഫീസിലെത്തുമ്പോഴേക്ക് ഞാന്‍ ക്ഷീണിതനാകും. എല്ലാ റോഡിലും ബോട്ടിൽ നെക്കുകളോ (ഗതാഗതക്കുരുക്കുണ്ടാക്കുന്ന വിധം വലിയ റോഡിൽ നിന്ന് ചെറിയ റോഡിലേക്ക് പ്രവേശിക്കുന്നയിടം) ഗട്ടറുകളോ കുഴിക്കുന്ന ജോലിയോ ഉണ്ടാകും. ഒരുകാലത്തും അവസാനിക്കാത്ത നിര്‍മാണ പ്രവൃത്തികള്‍. ആരംഭിക്കുന്ന പദ്ധതികള്‍ ഒരിക്കലും പൂര്‍ത്തിയാക്കപ്പെടുന്നില്ല.’ -യുവാവ് പറഞ്ഞു.
‘നമ്മള്‍ വലിയ നികുതിയാണ് ഇവിടെ കൊടുക്കുന്നത്. എന്നാല്‍ തിരികെ ഒന്നും കിട്ടുന്നില്ല. വരുമാനത്തിന്റെ 30 മുതല്‍ 40 ശതമാനം വരെ നികുതിയായി പോകുന്നു. എന്നിട്ടോ? സൗജന്യ ആരോഗ്യപരിരക്ഷയില്ല, മികച്ച വിദ്യാഭ്യാസമില്ല, വിശ്വസിച്ച് കുടിക്കാന്‍ പറ്റുന്ന വെള്ളം പോലും കിട്ടുന്നില്ല.കാനഡയോ ജര്‍മനിയോ പോലുള്ള രാജ്യങ്ങളിലും ഇതേപോലെ വലിയ നികുതി കൊടുക്കേണ്ടതായുണ്ട്. എന്നാല്‍ അവിടെ സൗജന്യ ആരോഗ്യപരിരക്ഷ, മികച്ച വിദ്യാഭ്യാസം, നന്നായി പ്രവര്‍ത്തിക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍, കൂടാതെ മെച്ചപ്പെട്ട ജീവിതവും.’ -യുവാവ് തുടര്‍ന്നു.
‘ഇവിടെ ജീവിതനിലവാരം ദുരന്തമാണ്. എല്ലായിടത്തും പൊടി, ശബ്ദകോലാഹലം, പിരിമുറുക്കം. റോഡിലെ മത്സരയോട്ടം ഇവിടെ സാധാരണ കാര്യമാണ്. സമാധാനമായി നടക്കാന്‍ പോലും കഴിയില്ല. ശുദ്ധവായു ശ്വസിക്കാന്‍ കഴിയില്ല. ഏഴ് മണിക്ക് ശേഷം എന്റെ ഭാര്യയെ ഒറ്റയ്ക്ക് പുറത്തേക്ക് വിടാന്‍ എനിക്ക് ഭയമാണ്.’
‘നമ്മുടെ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇവിടെ എന്തെങ്കിലും കെട്ടിപ്പടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സാധാരണക്കാരെ ഈ സിസ്റ്റം ഞെരുക്കുകയാണ്. എന്തെങ്കിലും പ്രതീക്ഷ അവശേഷിക്കുന്നുണ്ടോ? കാര്യങ്ങള്‍ മെച്ചപ്പെടുമോ?’ -യുവാവ് ചോദിച്ചു.
റെഡ്ഡിറ്റില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് യുവാവിന്റെ പോസ്റ്റ് തുടക്കമിട്ടത്. ഇന്ത്യ വിട്ട് മറ്റേതെങ്കിലും നാട്ടില്‍ പോയി സുഖമായി ജീവിക്കൂ എന്നാണ് ഒട്ടേറെ പേര്‍ യുവാവിനോട് പറഞ്ഞത്. ബ്യൂറോക്രസിയുടെ അടിത്തട്ട് മുതല്‍ സമഗ്രമായ മാറ്റമുണ്ടായാല്‍ മാത്രമേ ഇവിടെ കാര്യങ്ങള്‍ മെച്ചപ്പെടൂ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ഇതൊരു ഫ്യൂഡല്‍ സമൂഹമാണെന്നും നിങ്ങള്‍ അത്തരത്തിലൊരാളാണെങ്കില്‍ ഇവിടെ തുടരാമെന്നും അല്ലെങ്കില്‍ നാട് വിട്ട് വിദേശത്തേക്ക് പോകൂ എന്നും മറ്റൊരു റെഡ്ഡിറ്റ് യൂസര്‍ കുറിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.