കൊച്ചി : കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി
ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു. കേസ് അന്വേഷണത്തിന് ഡി ഐ ജി മേല്‍നോട്ടം വഹിക്കണം എന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഭാര്യ മഞ്ജുഷ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. ജസ്റ്റിസുമാരായ പി ബി സുരേഷ്‌കുമാറും ജോബിന്‍ സെബാസ്റ്റ്യനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. നിലവിലെ അന്വേഷണം കാര്യക്ഷമം ആണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡി ജി പി ടി എ ഷാജി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. കൂടിയാലോചനയ്ക്ക് ശേഷം ഇനിയെന്ത് ചെയ്യണമെന്നതില്‍ തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
സിബിഐ അന്വേഷണം വന്നെങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് നീതി കിട്ടൂ. കേരള പോലീസിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടില്ല. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. അന്വേഷണം നടക്കുന്നതേയില്ല. പ്രധാന പ്രതികളെയെല്ലാം അവര്‍ സംരക്ഷിക്കുകയാണെന്നും അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും മഞ്ജുഷ ആരോപിച്ചു.
നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് സംശയമുണ്ടെന്നും ഇന്‍ക്വസ്റ്റിലും പോസ്റ്റുമോര്‍ട്ടത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മഞ്ജുഷ കോടതിയില്‍ വാദിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ തിടുക്കത്തില്‍ അവിടെ പോസ്റ്റുമോര്‍ട്ടം നടത്തി തുടങ്ങിയ വാദഗതികളും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മഞ്ജുഷ കോടതിയില്‍ ഉന്നയിച്ചു.
എന്നാല്‍ വാദഗതികള്‍ ഗൗരവതരമെന്ന് അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണത്തിന് സിബിഐ വേണ്ടെന്നും പ്രത്യേക അന്വേഷണ സംഘം തന്നെ മതിയെന്നും നിലപാടെടുത്തു. ഡിവിഷന്‍ ബെഞ്ചും ഈ തീരുമാനത്തില്‍ തുടരുകയായിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply