ന്യൂഡല്‍ഹി: ഭരണത്തിലേറിയതിന് പിന്നാലെ ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയുടെ പേര് മാറ്റാനൊരുങ്ങി ബിജെപി സര്‍ക്കാര്‍. മൊഹല്ല ബസ് സര്‍വീസിന്റെ പേര് നമോ ബസ് എന്നോ അന്ത്യോദയാ ബസ് എന്നോ മാറ്റിയേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ ഒന്നുമുതലായിരിക്കും മാറ്റം എന്നാണ് വിവരം.
പൊതുഗതാഗതത്തിലെ ആള്‍ത്തിരക്ക് കുറയ്ക്കാനും ഉള്‍പ്രദേശങ്ങളിലേക്ക് യാത്രാസൗകര്യം ഉറപ്പാക്കാനും ലക്ഷ്യമിട്ട് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് മൊഹല്ല ബസ് സര്‍വീസുകള്‍. ഏപ്രില്‍ ഒന്നിന് നടക്കുന്ന പരിപാടിയില്‍ 200 പുതിയ ഇലക്ട്രിക് ബസുകള്‍ കൂടി പദ്ധതിയുടെ ഭാഗമാവും. പുതിയ ബസുകള്‍ക്കായുള്ള ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്ന് ഗതാഗതമന്ത്രി പങ്കജ് സിങ് അറിയിച്ചു.
ആകെ 2,000 ബസുകള്‍ പുതുതായി സര്‍വീസിന്റെ ഭാഗമാവും. 3,000 പഴയ ബസുകള്‍ ഈ വര്‍ഷത്തോടെ നിരത്തില്‍നിന്ന് പിന്‍വാങ്ങും. മാസംതോറും ബാച്ചുകളായാണ് പഴയ ബസുകള്‍ പിന്‍വലിക്കുക. വനിതകള്‍ക്ക് സൗജന്യസര്‍വീസ് തുടരുമെന്ന് ഉറപ്പുനല്‍കിയ മന്ത്രി, നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ ലാഭകരമാക്കുമെന്നും അവകാശപ്പെട്ടു.
ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എഎപിയെ തകര്‍ത്താണ് ബിജെപി അധികാരത്തിലെത്തിയത്. പിന്നാലെ, മൊഹല്ല ക്ലിനിക്കുകളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന് പേരുമാറ്റാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. നജഫ്ഗഡ്, മുഹമ്മദ്പുര്‍, മുസ്തഫാബാദ് എന്നീ സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply