97ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ മികച്ച ഡോക്യുമെന്ററി- ഫീച്ചര്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടി ‘നോ അദര്‍ ലാന്‍ഡ്’. പലസ്തീന്‍ ചെറുത്തുനില്‍പ്പിനെപ്പറ്റി പ്രതിപാദിക്കുന്ന ചിത്രമാണ് ‘നോ അദര്‍ലാന്‍ഡ്’. യു.എസില്‍ ചിത്രത്തിന് തീയറ്ററുകളിലെത്തിക്കാന്‍ ഒരു വിതരണക്കാരനെപ്പോലും ലഭിച്ചിരുന്നില്ല. ഈ ചിത്രത്തിന് പുരസ്‌കാരം കിട്ടിയത് അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
സിനിമയിലെ പ്രധാന കഥാപാത്രമായി അഭിനയിച്ചത് സംവിധായകനായ ബാസെല്‍ അദ്രയാണ്. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ കുടിയേറ്റം മൂലം ജന്മനാടായ മസാഫര്‍ യാട്ടയുടെ തകര്‍ച്ചയാണ് ‘നോ അദര്‍ ലാന്‍ഡി’ലൂടെ ബാസെല്‍ അദ്ര ലോകത്തിന് മുന്നിലേക്ക് കൊണ്ടുവന്നത്. അദ്രയും ഇസ്രയേല്‍ മാധ്യമപ്രവര്‍ത്തകന്‍ യുവാല്‍ അബ്രഹാമും തമ്മിലുള്ള സൗഹൃദവും ചിത്രത്തിന്റെ പ്രധാന ഭാഗമാണ്.
ഇതാദ്യമായല്ല ‘നോ അദര്‍ ലാന്‍ഡ്’ അന്താരാഷ്ട്രവേദികളില്‍ തിളങ്ങുന്നത്. 2024-ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷകപിന്തുണയുള്ള ചിത്രമായും മികച്ച ഡോക്യുമെന്ററി ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാത്രമല്ല, ബെസ്റ്റ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ പുരസ്‌കാരവും ‘നോ അദര്‍ ലാന്‍ഡ്’ നേടിയിരുന്നു.
വെസ്റ്റ് ബാങ്കില്‍നിന്ന് പലസതീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്ന ഇസ്രയേലിന്റെ നടപടികളെ സംവിധായകന്‍ ബാസെല്‍ അദ്ര അപലപിച്ചു. ‘രണ്ടുമാസം മുമ്പാണ് ഞാനൊരു പിതാവായത്. ഞാനിപ്പോള്‍ ജീവിതത്തില്‍ അനുഭവിക്കുന്ന പ്രതിസന്ധികളൊന്നും എന്റെ മകള്‍ അനുഭവിക്കാതിരിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം. കുടിയേറ്റക്കാരില്‍ നിന്നുണ്ടാകുന്ന അക്രമം, വീടുകള്‍ തകര്‍ക്കല്‍, നിര്‍ബന്ധിത കുടിയിറക്കല്‍ തുടങ്ങിയ ഭയത്തിലാണ് എപ്പോഴും മസാഫര്‍ യാട്ടയിലെ ജനങ്ങള്‍. ഇസ്രയേലിന്റെ ബലംപ്രയോഗിച്ചുള്ള കടന്നുകയറ്റമാണ് എല്ലാദിവസവും അവിടെ നടക്കുന്നത്.’ ബാസെല്‍ അദ്ര പറഞ്ഞു.
‘പതിറ്റാണ്ടുകളായി നേരിടുന്ന കടുത്ത യാഥാര്‍ഥ്യത്തിന്റെ പ്രതിഫലനമാണ് ‘നോ അദര്‍ ലാന്‍ഡ്.’ പലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളും വംശീയ ഉന്മൂലനവും തടയാന്‍ ലോകത്തിന്റെ ഇടപെടലുണ്ടാകണം.’ അദ്ദേഹം ആവശ്യപ്പെട്ടു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply