ന്യൂഡല്‍ഹി : വോട്ടിംഗ് യന്ത്രത്തിലെ ഡേറ്റ ഡിലീറ്റ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഇ.വി.എമ്മിലെ സിംബല്‍ ലോഡിംഗ് യൂണിറ്റ് തുടങ്ങിയവ പരിശോധിക്കാന്‍ അനുമതി നല്‍കണമെന്ന ഹര്‍ജികളെ തുടര്‍ന്നാണിത്. തിരഞ്ഞെടുപ്പിനുശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് ഇ.വി.എം പരിശോധിക്കേണ്ടതുണ്ട്. അതിനാല്‍ ഡേറ്റ ഡിലീറ്റ് ചെയ്യരുത്.
വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ 40000 രൂപ കെട്ടിവയ്ക്കണമെന്ന കമ്മിഷന്‍ തീരുമാനത്തെയും കോടതി ചോദ്യം ചെയ്തു. വലിയ തുകയാണിതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സംഘടന അടക്കം സമര്‍പ്പിച്ച ഹര്‍ജികളില്‍ കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് തേടി. 15 ദിവസത്തിനകം മറുപടി സമര്‍പ്പിക്കണം. മാര്‍ച്ച് മൂന്നിന് വീണ്ടും പരിഗണിക്കും.
വോട്ടെടുപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കരുതെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പോളിംഗ് ബൂത്തുകളിലെ സി.സി.ടി.വി – വെബ്കാസ്റ്റ് ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നിര്‍ദ്ദേശം. അന്തിമ തീര്‍പ്പുണ്ടാകുന്നതു വരെ ദൃശ്യങ്ങള്‍ സൂക്ഷിച്ചു വയ്ക്കാനാണ് ഉത്തരവ്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.